മുംബൈ: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് അജിത് പവാര്‍, നിരവധി എംഎല്‍എമാരുടെ പിന്തുണയോടെ ഞായറാഴ്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസുമായി അദ്ദേഹം ഉപമുഖ്യമന്ത്രി സ്ഥാനം പങ്കിടും. മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാന്‍ അജിത് പവാര്‍ ആഗ്രഹം പ്രകടിപ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ രഷ്ട്രീയ നീക്കം. ഛഗന്‍ ഭുജ്ബല്‍, ധനഞ്ജയ് മുണ്ടെ, ദിലീപ് വാല്‍സെ പാട്ടീല്‍ എന്നിവരുള്‍പ്പെടെ ഒമ്പത് എന്‍സിപി നേതാക്കളും അജിത് പവാറിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടേയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസും രാജ്ഭവനിലെത്തിയിരുന്നു. ഇരുവരുടെയും സാന്നിധ്യത്തിലാണ് രാജ് ഭവനില്‍ സത്യപ്രതിജ്ഞ നടന്നത്. 29 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നാണ് അജിതിന്റെ അവകാശവാദം. ഭൂരിഭാഗം പേരും അജിതിനൊപ്പമാണെങ്കിലും എംഎല്‍എമാരുടെ എണ്ണത്തില്‍ വ്യക്തതയായിട്ടില്ല. മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലും അജിത് പവാറിനൊപ്പമുണ്ട്.