ന്യൂഡല്‍ഹി : ഇന്ത്യന്‍ രാഷ്‌ട്രീയ ചരിത്രത്തിലെ ശക്തനായ നേതാവ്. ഒപ്പം നിന്നവരും അസുഖങ്ങളും ആവോളം തളര്‍ത്താന്‍ ശ്രമിച്ചപ്പോഴും അതിശക്തനായി തന്റെ പടയെ നയിച്ച് വിജയം കൊയ്‌ത എന്‍സിപിയുടെ കരുത്തനായ നേതാവ് ശരദ് പവാറിനേറ്റ തിരിച്ചടിയാണ് നിലവില്‍ രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയം. അടിച്ചു താഴ്‌ത്താന്‍ ശ്രമിച്ചവരുടെ മുമ്പില്‍ അടിപതറാതെ പിടിച്ച നിന്ന നേതാവിന് മരുമകനായ അജിത് പവാറിനെ വിശ്വസ്‌തനാക്കി ഒപ്പം നിര്‍ത്തിയിട്ടും അധികാരം ലഭിക്കാതെ വന്നപ്പോള്‍ ഇയാള്‍ പിന്നില്‍ നിന്ന് ചവിട്ടിമെതിച്ചത് ഒരു നേതാവിനെ സംബന്ധിച്ച് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു.
പ്രായാധിക്യത്തെ തുടര്‍ന്ന് എന്‍സിപി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വെയ്‌ക്കുമെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നതോടെ കുറുക്കനെ പോലെ ശരദ് പവാറിന്റെ കസേരയില്‍ കണ്ണു നട്ട് നടന്നിരുന്ന വ്യക്തിയാണ് അജിത് പവാര്‍. എന്നാല്‍ പാര്‍ട്ടി മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിക്കാതെ മകള്‍ സുപ്രിയ സുലേയയെ പിന്‍തുടര്‍ച്ചക്കാരിയാക്കി നിയമിച്ചത് മുതലാണ് അജിത് പവാറിന്, ശരദ് പവാറിനോടുള്ള അസ്വാരസ്യങ്ങള്‍ക്ക് മൂര്‍ച്ഛയേറിയത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ശിവസേന നേരിട്ട അതേ പ്രതിസന്ധിയിലൂടെയാണ് ഇന്ന് എന്‍സിപി കടന്നുപോകുന്നത്. തോളോട് തോള്‍ ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിച്ച മരുമകന്റെ ഉദ്ദേശശുദ്ധി അജിത് പവാര്‍ നേരത്തെ തിരിച്ചറിഞ്ഞതാണ് മകള്‍ സുപ്രിയ സുലേയെ അധ്യക്ഷ സ്ഥാനത്ത് നിയമിക്കുവാന്‍ കാരണം
ബിജെപിക്ക് എതിരെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം മറ്റാരെക്കാളുമുപരി ഏറ്റവുമധികം ആഗ്രഹിച്ച വ്യക്തിയാണ് ശരദ് പവാര്‍. അത് നടക്കാതായതോടെ ആ വേഷം നിതീഷ് കുമാര്‍ അണിയുകയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യവും ചര്‍ച്ചകളും പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ അജിത് പവാറിന്റെ മറുകണ്ടം ചാടലും ശ്രദ്ധേയമാണ്. ശിവസേനയിൽ ഉദ്ധവ് താക്കറെയെ വെട്ടിലാക്കി എക്‌നാഥ് ഷിൻഡെ അവസരം മുതലാക്കിയപ്പോള്‍ അജിത് പവാര്‍ ഇറങ്ങിപ്പോയത്തിനും രാജ്യം സാക്ഷ്യം വഹിച്ചതാണ്. ബിജെപിയുടെ പടിവാതിലില്‍ ചെന്നെത്തിയ അജിത്തിനെ അമ്മാവന്‍ തിരിച്ചുകൊണ്ടുവരികയായിരുന്നു. ഇത്തരം ഉദ്ദേശശുദ്ധിയോടെ പാര്‍ട്ടിയില്‍ തുടരുന്ന അജിത് പവാറിനെ പാര്‍ട്ടിയുടെ താക്കോല്‍ ഏല്‍പ്പിച്ചാല്‍ സ്ഥിതി എന്താകുമെന്ന് ഇപ്പോള്‍ വ്യക്തമാണ്. എന്നിരുന്നാലും ഗതിയില്ലാതെ നീങ്ങുന്ന എക്നാഥ് ഷിൻഡെ മന്ത്രിസഭയിൽ രണ്ടാമതൊരു ഉപമുഖ്യമന്ത്രിയായി താഴാൻ അജിത് പവാറിനെ പ്രേരിപ്പിച്ചതും അധികാര മോഹം തന്നെയാണ്. മാത്രമല്ല തനിക്ക് പുറമെ ഒന്‍പത് എംഎല്‍എമാരെ കൂടി കുഴിയില്‍ ചാടിച്ച അജിത് പവാര്‍ തന്റെ രാഷ്‌ട്രീയ ഭാവിക്ക് കുഴിതോണ്ടുകയാണെന്ന് തിരിച്ചറിയാതെ പോവുന്നു.
നേരത്തെ 2019 നവംബർ 23നായിരുന്നു പാർട്ടിയെ കബളിപ്പിച്ച് ബിജെപിക്കൊപ്പം കൈകോര്‍ത്ത് അജിത് മഹാരാഷ്‌ട്രയുടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. നിലവിലെ സാഹചര്യത്തിന് സമാനമായി തന്നെ മഹാരാഷ്‌ട്രയിലെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെയായിരുന്നു ഇതിന്റെ മുഖ്യ ആസൂത്രകന്‍. പക്ഷേ കുറഞ്ഞ നേരംകൊണ്ട് ഉപമുഖ്യമന്ത്രി പദത്തില്‍ എത്തിയതുപോലെ തന്നെ ഇറങ്ങേണ്ടിയും വന്നു. വെറും 80 മണിക്കൂറിൽ താഴെ മാത്രമാണ് അജിത് പവാറിന് ആ പദവിയില്‍ ഇരിക്കാന്‍ കഴിഞ്ഞത്. പിന്നീട് എന്‍സിപിയിലേക്ക് തന്നെ അജിത് തിരിച്ചെത്തുകയായിരുന്നു.തുടര്‍ന്ന് മഹാവികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരണവും 2019ല്‍ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതും കണ്ട പൗരന്‍മാര്‍ക്ക് അജിത് പവാറിന്റെ ഈ ഇറങ്ങിപ്പോക്ക് സ്വാഭാവികം എന്നെ പറയാനാകു.