തിരുവനന്തപുരം: പാലക്കാട് തേങ്കുറിശിലെ ദുരഭിമാനക്കൊലയില്‍ പോലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് കരുതുന്നതെന്ന് മന്ത്രി എ കെ ബാലന്‍. എന്നാല്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് അലംഭാവം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെ പാലക്കാട് എത്തുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദുരഭിമാനക്കൊലയില്‍ തെളിവെടുപ്പ് തുടങ്ങി. കൊലപാതകം നടന്ന സ്ഥലത്ത് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭു കുമാര്‍, അമ്മാവന്‍ സുരേഷ് എന്നീ പ്രതികളെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
അനീഷിനെ പണം കൊടുത്ത് വശത്താക്കാനും ഭാര്യയുടെ വീട്ടുകാരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. ഇതിന് തെളിവായി ഹരിതയും അപ്പൂപ്പനും തമ്മിലുളള ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നു. ഹരിതയെ വീട്ടിലെത്തിച്ചാല്‍ അനീഷിന് പണം നല്‍കാമെന്ന് ഹരിയുടെ മുത്തച്ഛന്‍ പറയുന്നതാണ് ശബ്ദരേഖയിലുളളത്. ശബ്ദരേഖയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം കൊലപാതകം ആസൂത്രിതമാണെന്നാണ് അനീഷിന്റെ അച്ഛന്‍ പറയുന്നത്. ഹരിതയുടെ അച്ഛന്‍ പ്രഭുകുമാരിന്റെ അച്ഛനായ കുമരേശന്‍ പിള്ളയ്ക്കും ഇതില്‍ പങ്കുണ്ടെെന്നും അനീഷിന്റെ അച്ഛന്‍ ആരോപിക്കുന്നു. സംഭവ ദിവസം അനീഷിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവും ഉണ്ടായില്ലെന്നും ആരോ കൃത്യമായി വിവരം നല്‍കിയാണ് കൊലപാതകം നടത്തിയതെന്നും അനീഷിന്റെ അച്ഛന്‍ പറഞ്ഞു. സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന് കാണിച്ച് വക്കീല്‍ നോട്ടീസ് വരെ അയച്ചുവെന്നാണ് അനീഷിന്റെ അമ്മ പറയുന്നത്.
കാലില്‍ ഉണ്ടായ മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് അനീഷ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ദുരഭിമാനകൊലയില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൊലകുറ്റത്തിനാണ് കേസ് എടുത്തത്. കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി പാലക്കാട് എസ്പി ഉത്തരവിറക്കിയിട്ടുണ്ട്.