കണ്ണൂര്‍ : എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയെ പിടികൂടാത്തതില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ‘സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ ‘ എന്നാണ് ജയരാജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരണമായി പറഞ്ഞത്. ‘കട്ടവര്‍ക്ക് പിടിച്ച് നില്‍ക്കാനറിയാം എന്ന് നമുക്കറിയാ’മെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.
കെ.സുധാകരന് മറുപടിയില്ല. തനിക്ക് ബോംബുമായി ഒരു പരിചയമില്ല, നിര്‍മ്മിക്കാനും എറിയാനും അറിയില്ല. ആശയ പരമായ പ്രതിഷേധമാണ് സിപിഎമ്മിന്റെ രീതി. വിഷയത്തില്‍ സാധാരണ ഒരു പൗരന്‍ എന്ന നിലയില്‍ ഉള്ള അന്വേഷണം നടത്തുമെന്നും ജയരാജന്‍ പറഞ്ഞു. അതേസമയം എകെജി സെന്റര്‍ ആക്രമണം കഴിഞ്ഞ് 13 ദിവസം പിന്നിട്ടിട്ടും ഇതുവരെ പ്രതിയെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല.
ശാസ്ത്രീയ പരിശോധനയിലൂടെ വാഹനനമ്പര്‍ ഉള്‍പ്പടെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആയിരത്തിലേറെ ഫോണ്‍ രേഖകളും പോലീസ് പരിശോധിച്ചിരുന്നു. പോലീസ് ശേഖരിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം സി.ഡാക്കിന് കൈമാറിയിരുന്നു. ശാസ്ത്രീയ പരിശോധനയിലൂടെ വാഹനനമ്പര്‍ ഉള്‍പ്പടെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടും പ്രതിയെ പിടികൂടാത്തതില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.
അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സൂചനകളുണ്ടെന്നും മാത്രമാണ് അന്വേഷണ സംഘം അറിയിക്കുന്നത്. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താന്‍ കഴിയാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. അന്‍പതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. അക്രമി സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിയാന്‍ ദൃശ്യങ്ങളില്‍ കൂടുതല്‍ വ്യക്തത ഉണ്ടാക്കാന്‍ സിഡിറ്റിന്റെ സഹായം തേടിയിരിക്കുകയാണ് പോലീസ്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും തുമ്പോന്നും കിട്ടിയില്ല. സംശയം തോന്നിയ മറ്റ് നിരവധി പേരെയും ചോദ്യം ചെയ്ത് വിട്ടയച്ചു. സിപിഎം നേതാക്കള്‍ ആരോപിച്ചപോലെ സ്‌ഫോടക വസ്തു മാരക പ്രഹര ശേഷിയുള്ളതല്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ്സാണെന്ന് ഉറപ്പിച്ച് പറഞ്ഞ ഇ.പി ജയരാജനടക്കമുള്ള നേതാക്കള്‍ നിലപാട് പിന്നീട് മയപ്പെടുത്തി. അന്വേഷണത്തിന് സമയമെടുക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറയുന്നത്.