തിരുവനന്തപുരം : മെയ് 14 നാണ് ഈ വർഷത്തെ അക്ഷയതൃതീയ. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ കണക്കാക്കുന്നത്. എന്നാല്‍ ജ്വല്ലറികൾക്ക് കച്ചവടം നടത്താനുള്ള ഒരു പരസ്യ തട്ടിപ്പ് മാത്രമാണ് ഇത്. കേരളത്തില്‍ അക്ഷയതൃതീയ ഭാഗ്യദിനമായിട്ട് ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. പൂര്‍വികര്‍ ആരും ഇങ്ങനെയൊരു ഭാഗ്യദിനത്തിന്റെ പുറകെ പോയിട്ടില്ലെന്ന് ജനത്തിനറിയാമെങ്കിലും പരസ്യങ്ങളിലും പ്രലോഭനങ്ങളിലും സ്ത്രീകള്‍ വീഴുകയാണ്. അക്ഷയതൃതീയ ദിവസത്തില്‍ ലക്‌ഷ്യം വെക്കുന്നതും സ്ത്രീജനങ്ങളെയാണ്. പരസ്യത്തിനുവേണ്ടി കോടികളാണ് ഇവര്‍ ചെലവഴിക്കുന്നത്.
രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്. ചെറിയ ആഭരണങ്ങളും സ്വർണനാണയങ്ങളുമാണ് ഏറ്റവും കൂടുതൽ വിറ്റഴിയുന്നത്. ഉപഭോക്താക്കൾ ആഘോഷ പൂർവ്വമാണ് സ്വർണാഭരണങ്ങൾ വാങ്ങാനെത്തുന്നത്. 2019 ൽ 10 ലക്ഷത്തോളം ഉപഭോക്താക്കളാണ് കേരളത്തിലെ 12,000 ഓളം സ്വർണ വ്യാപാരശാലകളിലേക്ക് ഒഴുകിയെത്തിയത്.
കൊവിഡ് 19 പ്രതിസന്ധികളെ തുടർന്ന് 2020 ൽ അക്ഷയതൃതീയ ആഘോഷം മുടങ്ങിയിരുന്നെങ്കിലും ഓൺലൈൻ വ്യാപാരം 10 ശതമാനത്തോളം നടന്നിരുന്നു. ഇത്തവണ ഓൺലൈനിൽ മാത്രമാണ് അക്ഷയ തൃതീയ വ്യാപാരം. കേരളത്തിലെ ചെറുതും വലുതുമായ മിക്കവാറും സ്വർണ വ്യാപാരശാലകളും ഇത്തവണ കൂടുതൽ ഓൺലൈൻ വ്യാപാരം ലക്ഷ്യമിടുന്നു.
ഓൺലൈൻ വ്യാപാരത്തിനായിട്ടുളള തയ്യാറെടുപ്പുകളും വ്യാപാര ശാലകൾ തുടങ്ങിക്കഴിഞ്ഞു. ഇതിനായി സമൂഹ മാധ്യമങ്ങളെ പരമാവധി ഉപയോഗിക്കാനും പദ്ധതിയുണ്ട്. ഓരോ സ്വർണ വ്യാപാരശാലകളും ഉപഭോക്താക്കളുടെ പ്രത്യേക വാട്ട്സാപ്, ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക്, കൂട്ടായ്മകൾ വഴിയാണ് പ്രചാരണങ്ങൾ സംഘടിപ്പിക്കുന്നത്. 15 ശതമാനമത്തിലധികം വ്യാപാരം ഇത്തവണ പ്രതീക്ഷിക്കുന്നതായി ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ വ്യക്തമാക്കി.