ലഖ്‌നൗ: ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍ എസ് എ) അറസ്റ്റ് ചെയ്ത മുസ്‌ലിം യുവാവിനെ മോചിപ്പിച്ച് അലഹബാദ് ഹൈക്കോടതി. തടവ് തീര്‍ത്തും അന്യായ മാണെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചു കൊണ്ടാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച ശേഷം കോടതി വിധി പ്രഖ്യാപിച്ചത്.
സംസ്ഥാനത്തിന് അസാധാരണമായ അധികാരം നല്‍കുന്ന നിയമം ‘അതീവ ശ്രദ്ധയോടെ’ വേണം നടപ്പാക്കാനെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പ്രദീപ് കുമാര്‍ ശ്രീവാസ്തവ, ജസ്റ്റിസ് പ്രിന്റിങ്കര്‍ ദിവാക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
‘സാധാരണ നിയമത്തെ ആശ്രയിക്കാതെ ഒരു വ്യക്തിയെ തടങ്കലില്‍ വെയ്ക്കാനും കോടതികള്‍ വിചാരണ ചെയ്യാനും നിയമം എക്‌സിക്യൂട്ടീവിന് അസാധാരണമായ അധികാരം നല്‍കുന്നിടത്ത്, അത്തരമൊരു നിയമം അതീവ ശ്രദ്ധയോടെ നടപ്പാക്കേണ്ടതുണ്ട്, എക്‌സിക്യൂട്ടീവ് അധികാരം അതീവ ശ്രദ്ധയോടെ പ്രയോഗിക്കണം,’ ഹൈക്കോടതി നിരീക്ഷിച്ചു.
വ്യക്തിഗത സ്വാതന്ത്ര്യത്തിന്റെ ചരിത്രം പ്രധാനമായും നടപടിക്രമങ്ങള്‍ നിരീക്ഷിക്കാനുള്ള നിര്‍ബന്ധത്തിന്റെ ചരിത്രമാണ്. കരുതല്‍ തടങ്കലില്‍ വെയ്ക്കുന്നത് ശിക്ഷാര്‍ഹമല്ലെങ്കിലും പ്രതിരോധം മാത്രമാണ്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉള്‍പ്പെടുത്തിയിട്ടുള്ള വ്യക്തിയുടെ വ്യക്തിസ്വാതന്ത്ര്യത്തെ സാരമായി ബാധിക്കുന്നു. അതിനാല്‍, നിയമം സ്ഥാപിച്ച നടപടിക്രമങ്ങള്‍ അനുസരിച്ച് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ അതോറിറ്റി ബാധ്യസ്ഥനാണ്. ഭരണഘടനാപരമായ സുരക്ഷാസംവിധാനങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
ഈ വര്‍ഷം ജൂണില്‍ ജൗന്‍പൂരിലെ ശാന്തിടൗണ്‍ പ്രദേശത്തെ് നിന്നായിരുന്നു സിദ്ധീഖിയെ അറസ്റ്റ് ചെയ്തത്. ഗ്രാമത്തില്‍ ദലിതരും മുസ്‌ലിങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കാലപ കുറ്റം ചുമത്തി കേസെടുത്ത അദ്ദേഹത്തിനെ നേരെ പിന്നീട് ജില്ലാ ഭരണകൂടം എന്‍ എസ് എയും ചുമത്തുകയായിരുന്നു.