കായംകുളം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ചുട്ടുപൊള്ളുന്ന വെയിലത്തും അഭിവാദ്യമർപ്പിക്കാൻ കായംകുളത്ത് അണിനിരന്നത് ആയിരങ്ങൾ. മണ്ഡലാതിർത്തിയായ രാമപുരം മാമ്പ്രആലുംമൂട്ടിൽ എത്തിയ ജാഥയെ ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മണ്ഡലത്തിലേക്ക് സ്വീകരിച്ചു. സംഘാടക സമിതി ഭാരവാഹികളായ കെ.എച്ച്.ബാബുജാൻ, എ.മഹേന്ദ്രൻ ,പി അരവിന്ദാക്ഷൻ എന്നിവർ ചേർന്ന് ഹാരമണിയിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ജാഥ എത്തിയപ്പോൾ വനിതകളടക്കമുള്ള റെഡ് വൊളന്റിയർമാർ ഗോവിന്ദനെ സ്വീകരിച്ചു. മുത്തുക്കുടയേന്തി, കേരളീയ വസ്ത്രധാരികളായ സ്ത്രീകൾ റോഡിന്റെ ഇരുവശങ്ങളിലുമായി അണിനിരന്നു. എബനേസർ ജംക്‌ഷനിൽ നിന്നും ആയിരങ്ങൾ അണിനിരന്ന് വൻ വരവേൽപ് നൽകിയാണ് ജാഥാ ക്യാപ്റ്റനെ സമ്മേളന നഗറിലേക്ക് സ്വീകരിച്ചത്.
വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും സ്വീകരണത്തിന് ഉണ്ടായിരുന്നു. സമ്മേളനത്തിന് മുന്നോടിയായി കലാപരിപാടികളും അരങ്ങേറി. രക്തസാക്ഷികളുടെ കുടുംബങ്ങളെയും സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരെയും ആദരിച്ചു.വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു.യോഗത്തിൽ സംഘാടക സമിതി ചെയർമാൻ എ.മഹേന്ദ്രൻ അധ്യക്ഷനായി. എം വി ഗോവിന്ദൻ ,ജാഥാംഗങ്ങളായ ഡോ.കെ.ടി.ജലീൽ, ജെയ്ക്.സി.തോമസ് എന്നിവർ പ്രസംഗിച്ചു.എ.എം.ആരിഫ് എം പി, എച്ച്.സലാം എം എൽ എ, പി.പി.ചിത്തരഞ്ജൻ എം എൽ എ, ജില്ലാ സെക്രട്ടറി ആർ.നാസർ, സിബിചന്ദ്രബാബു, കെ.പ്രസാദ്, എം.സത്യപാലൻ, ടി.കെ.ദേവകുമാർ, ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ഗാനകുമാർ, എൻ.ശിവദാസൻ, കോശിഅലക്സ്, നഗരസഭാധ്യക്ഷ പി.ശശികല, ഷെയ്ക്.പി.ഹാരീസ് എന്നിവർ പങ്കെടുത്തു.