ആലപ്പുഴ : എസ്ഡിപിഐ, ബിജെപി നേതാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ പോലീസ് തിരിച്ചറിഞ്ഞു. എസ്ഡിപിഐ നേതാവ് ഷാൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾ സഞ്ചരിച്ച കാർ പോലീസ് തിരിച്ചറിഞ്ഞു. എന്നാൽ കാർ കണ്ടെത്താനായില്ല. കാർ പ്രതികൾ വാടകയ്‌ക്കെടുത്തതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വാഹന ഉടമയെ പോലീസ് ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിച്ചു. ബിജെപി നേതാവ് രൺജീത്ത് കൊലക്കേസിൽ പ്രതികൾ വന്നതെന്ന് സംശയിക്കുന്ന ബൈക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കരുതൽ തടങ്കലിലുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഇന്നലെ പുലർച്ചയോടെയാണ് രൻജിത്ത് കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കായി ഇറങ്ങിയ രൻജിത്തിനെ അജ്ഞാത സംഘം അടിച്ചു വീഴ്ത്തിയ ശേഷം ആവർത്തിച്ച് വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പ്രതികൾ രക്ഷപ്പെട്ടു. വെട്ടേറ്റ രൻജിത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളക്കിണർ സ്വദേശിയാണ് കൊല്ലപ്പെട്ട രൻജിത്ത്.
ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവിനും വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനിനെ വാഹനമുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷമാണ് വെട്ടിയത്. ഷാനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.