ആലപ്പുഴ : ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്ക് പ്രവേശിപ്പിക്കുന്ന രോഗികളുടെ ആഭരണങ്ങള്‍ രോഗിക്കൊപ്പമുള്ള ബന്ധുക്കളായ കൂട്ടിരിപ്പുകാരെ ഏല്‍പ്പിക്കാനും ഇക്കാര്യം രജിസ്റ്ററില്‍ രേഖപ്പെടുത്താനും തീരുമാനം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി എച്ച്. സലാം എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ കൂടിയ ഉദ്യോഗസ്ഥതല യോഗത്തിലാണ് നടപടി.
കൂട്ടിരിപ്പുകാരെ ആഭരണങ്ങളും മറ്റും ഏല്‍പ്പിച്ചശേഷം ട്രയാജിലെ എന്‍ട്രി രജിസ്റ്ററില്‍ രേഖപ്പെടുത്തും. രോഗിക്കൊപ്പം കൂട്ടിരിപ്പുകാര്‍ ഇല്ലെങ്കില്‍ ആഭരണങ്ങളും മറ്റും പ്രോപ്പര്‍ട്ടി രജിസ്റ്ററില്‍ ചേര്‍ത്ത് സൂക്ഷിച്ച് ബന്ധുക്കള്‍ക്ക് നല്‍കും. കോവിഡ് ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചാല്‍ മൊബൈല്‍ ഫോണും ആഭരണങ്ങളും അനുവദിക്കില്ല. ഐ.സി.യു.വില്‍ രോഗിയുടെ കൂട്ടിരിപ്പുകാരെ അനുവദിക്കില്ല. കോവിഡ് രോഗബാധിതരായി മരിക്കുന്നവരുടെ മൃതദേഹം വിട്ടുകിട്ടുന്നതിനായി ബന്ധുക്കള്‍ തിരിച്ചറിയല്‍ രേഖ ഡിജിറ്റലായി നല്‍കിയാല്‍ മതിയെന്നും യോഗം തീരുമാനിച്ചു.