ആലപ്പുഴ : ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഇന്ന് കൂടുതല്‍ അറസ്റ്റിനു സാധ്യത. ഇന്നലെ കസ്റ്റഡിയിലായ പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇരു കൊലപാതകങ്ങളിലും ഉള്‍പ്പെട്ടവര്‍ ഒളി സങ്കേതങ്ങളിലേക്ക് മാറിയതായാണ് പോലീസ് നിഗമനം. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആലപ്പുഴയില്‍ ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തുന്നത്. ഇന്നലെ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് മണ്ണഞ്ചേരിയിലേയും ആലപ്പുഴ വെള്ളക്കിണറിയിലേയും ജനം.
വയലാറില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ നന്ദുവിന്റെ കൊലപാതകത്തിന് ശേഷം ജില്ലയില്‍ എസ്ഡിപിഐ- ആര്‍എസ്‌എസ് സംഘര്‍ഷം കാര്യമായി ഉണ്ടായിരുന്നില്ല. അടുത്തിലെ മാവേലിക്കരയിലും മണ്ണഞ്ചേരിയിലും എസ്ഡിപിഐ-ഡിവൈഎഫ്‌ഐ സംഘര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍ പോലീസിന്റെ കൃത്യമായ ഇടപെടലില്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നുമുണ്ടായില്ല.
ആലപ്പുഴ കോടതിയിലെ അഭിഭാഷകനായ രഞ്ജിത്ത് ശ്രീനിവാസ് ഒരു തവണ ആലപ്പുഴ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. മണ്ണഞ്ചേരിയില്‍ എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട ഷാനും. എസ്ഡിപിഐയുടെ ശക്തി കേന്ദ്രമായ മണ്ണഞ്ചേരിയില്‍ കൊലപാതകം നടന്നത് പ്രവര്‍ത്തകര്‍ക്ക് വിശ്വസിക്കാനിയിട്ടില്ല.