ആലപ്പുഴ: അയൽവാസിയെ കുത്തിക്കൊന്ന കേസിലെ പ്രതിക്കു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയും ശിക്ഷ വിധിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14ാം വാർഡ് ജ്യോതിനിവാസ് കോളനിയിലെ ബിനുവിനെ കൊലപ്പെടുത്തിയ കേസിൽ അയൽവാസി വിഴാശേരിൽ സേവ്യറെയാണ് (തിരുമേനി – 50) ആലപ്പുഴ അഡിഷനൽ സെഷൻസ് കോടതി ജഡ്ജി എസ്.ഭാരതി ശിക്ഷിച്ചത്. പിഴത്തുക ബിനുവിന്റെ ഭാര്യയ്ക്കു നൽകണം.
പിഴയടയ്ക്കുന്നില്ലെങ്കിൽ 6 മാസം കൂടി തടവ് അനുഭവിക്കണം. പ്രതിയുടെ ഭാര്യയും ബിനുവും തമ്മിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് പ്രതി വീട്ടിൽനിന്നു കത്തിയുമായി എത്തി ബിനുവിന്റെ കഴുത്തിൽ കുത്തിയെന്നാണ് കേസ്. കഴുത്തിലെ ആഴത്തിലുള്ള മുറിവ് മരണകാരണമായെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 2013 ജൂൺ 16ന് ആയിരുന്നു സംഭവം. പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി ആദ്യം അഡ്വ. പി.കെ.രമേശനും പിന്നീട് അഡ്വ. സി.വിധുവും ഹാജരായി.