ആലപ്പുഴ: യുവസംരഭകയോട് ആലപ്പുഴ നഗരസഭാ ചെയർമാൻ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. ആലപ്പുഴ ബീച്ചിൽ എക്സ്പോ നടത്താൻ അനുമതി തേടിയെത്തിയ ആർച്ച എന്ന യുവതിയോടാണ് ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ ആർച്ച പുറത്തുവിട്ടു. കഴിഞ്ഞ നവംബർ മാസത്തിലാണ് ആലപ്പുഴ ബീച്ചിൽ അണ്ടർ വാട്ടർ ടണൽ എക്സ്പോ തുടങ്ങാൻ തുറമുഖ വകുപ്പിന്റെ അനുമതിയുമായി ആർച്ച ആലപ്പുഴയിലെത്തിയത്. എന്നാൽ നഗരസഭ പ്രവർത്തനാനുമതി നൽകിയില്ല. അനുമതി നൽകുന്നതിന് കുഞ്ഞുമോൻ സംഭാവനകളും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.
നഗരസഭാ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ആർച്ചയോട് കൈക്കൂലി ആവശ്യപ്പെട്ടത്. കോൺഗ്രസ് നഗരസഭാ ചെയർമാൻ സി.പി.എമ്മിന് വേണ്ടി പണം ചോദിക്കുന്നതും ശബ്ദരേഖയിലുണ്ട്. അതേസമയം ആരോപണങ്ങൾ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ നിഷേധിച്ച് രംഗത്തെത്തി. അനധികൃതമായി പ്രവർത്തിച്ച എക്സ്പോ നിർത്തിവെപ്പിച്ചത് നഗരസഭാ കൗൺസിലിന്റെ ഒന്നിച്ചുള്ള തീരുമാനപ്രകാരമാണെന്ന് ചെയർമാൻ വ്യക്തമാക്കി.