ആലപ്പുഴ : സംസ്ഥാനം കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടിയതോടെ വീർപ്പുമുട്ടി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്. രണ്ട് ജില്ലകളുടെ പൂർണ്ണ പരിശോധനയ്ക്ക് പുറമെ മറ്റ് ജില്ലകളിൽ സംശയം വരുന്ന സ്രവ സാമ്പിളുകളുടെ അന്തിമ പരിശോധനയും ആലപ്പുഴയിലാണ് നടത്തുന്നത്. ഇതോടെ പരിശോധനാ ഫലം കിട്ടാൻ ഒരാഴ്ച വരെ വൈകുന്നുണ്ട്. തുടക്കത്തിൽ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിമിതമായ സൗകര്യത്തിൽ 20 ജീവനക്കാരുമായി നടന്നുപോയി. എന്നാൽ വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിലും നിന്നും ആളുകൾ കൂടുതലായി എത്തിയതോടെ പരിശോധിക്കേണ്ട സാമ്പിളുകളുടെ എണ്ണം വൻതോതിൽ കൂടി.
ഇതിനു പുറമെ ധ്രുത പരിശോധനയ്ക്ക് ശേഷമുള്ള സാമ്പിളുകൾ കൂടി എത്തുമ്പോൾ ലാബിന്റെ പ്രവർത്തനം താളംതെറ്റുകയാണ്. സ്രവ പരിശോധന തുടങ്ങി സാധാരണഗതിയിലാണെങ്കില്‍ ഏഴ് മണിക്കൂറിനകം ഫലം ലഭ്യമാകും. ആലപ്പുഴ, പാലക്കാട് ജില്ലകൾക്ക് പുറമെ വിദഗ്ധ പരിശോധനയ്ക്കായി മറ്റ് ജില്ലകളിലെ സാമ്പിളുകളും ഇവിടേക്ക് അയ്ക്കുന്നുണ്ട്. അഞ്ഞൂറിലധികം സാമ്പിളുകൾ ഒറ്റദിവസം പരിശോധിക്കേണ്ട അവസ്ഥയാണിപ്പോള്‍. ഇതോടെ ഒരാഴ്ച വരെ ഫലത്തിനായി കാത്തിരിക്കുന്നുണ്ട് മിക്ക ജില്ലകളും. നിരീക്ഷണ കാലാവധി കഴിഞ്ഞുവരുടെ പരിശോധനാ ഫലം പോലും അനന്തമായി വൈകുന്നത് നിലവിൽ ഒരുക്കിയിട്ടുള്ള സംവിധാനങ്ങളെ പോലും ബാധിക്കുമെന്ന ആശങ്ക ആരോഗ്യവകുപ്പിനുണ്ട്.