കണ്ണൂര്‍: സുഡാനില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ടിന്റെ മൃതദേഹം നാളെ കേരളത്തില്‍ എത്തിക്കും. നാളെ വൈകുന്നേരത്തോടെ മൃതദേഹം വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിച്ചേക്കും. ഏപ്രില്‍ 14നാണ് സുഡാനിലെ ഖാര്‍ത്തൂമില്‍ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റ് മരിച്ചത്. സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തിനിടെയാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റത്. അതേസമയം ആല്‍ബര്‍ട്ടിന്റെ ഭാര്യയും മകളും നേരത്തെ നാട്ടിലെത്തിയിരുന്നു.
സൈന്യവും അര്‍ദ്ധസൈന്യവും തമ്മില്‍ പോരാട്ടം തുടരുന്ന സുഡാനിലെ തലസ്ഥാനമായ ഖര്‍ത്തൂമിലെ ഫ്‌ലാറ്റിന്റെ ജനലരികില്‍ ഇരുന്ന് മകനോട് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ആല്‍ബര്‍ട്ടിനു വെടിയേറ്റത്. 36 മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് ആല്‍ബര്‍ട്ടിന്റെ മൃതദേഹം ഹോസ്പിറ്റലില്‍ എത്തിക്കാന്‍ സാധിച്ചത്. മൃതദേഹം കൊണ്ടുപോകുന്നതിനായി ആംബുലന്‍സ് രണ്ടുമൂന്ന് തവണ എത്തിയിരുന്നെങ്കിലും സൈന്യം മടക്കി അയയ്ക്കുകയായിരുന്നു. കേന്ദ്ര ഗവര്‍ണ്‍മെന്റിന്റെ ഓപ്പറേഷന്‍ കാവേരി വഴിയാണ് ആല്‍ബര്‍ട്ടിന്റെ കുടുംബം നാട്ടിലെത്തിയത്.