കലവൂർ : മാനവസേവയാണ് ശരിയായ പ്രാർഥനയെന്നും മനുഷ്യത്വമാണ് ഗീതയുടെ സാരമെന്നും ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു പറഞ്ഞു. 42-ാമത് അഖിലഭാരത ഭാഗവത മഹാസത്രത്തിന്റെ ഉദ്ഘാടനം മാരൻകുളങ്ങര ദേവീക്ഷേത്രത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഫലം പ്രതീക്ഷിക്കാതെ കർമംചെയ്യണം. ഗീത വെറും പുസ്തകമല്ല. അതിനാൽ അതിൽപ്പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കണം. ശിവന്റെ ഭാര്യ പാർവതിയുടെ ദേശമാണ് ദേവഭൂമിയെന്നറിയപ്പെടുന്ന ഹിമാചൽപ്രദേശ്. സമൂഹത്തിന്റെ സന്തോഷത്തിനായി ഒട്ടേറെ കാര്യങ്ങൾ സർക്കാർ അവിടെ ചെയ്യുന്നുണ്ട്.
അനാഥരായ കുട്ടികളെ സർക്കാർ ദത്തെടുത്തു. സർക്കാർ തന്നെയാണ് അവരുടെ അച്ഛനും അമ്മയും. ‘അവർക്ക് എംബിബിഎസ് ഉൾപ്പെടെയുള്ള പഠനത്തിന് സൗകര്യം ചെയ്യുന്നു. 70 വയസ്സ് കഴിഞ്ഞവരിൽ വീടില്ലാത്തവർക്ക് സർക്കാർ വീട് നിർമിച്ചുനൽകുന്നു. സുഖ്‌വീന്ദർ സിങ് സുഖു പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഗ്രന്ഥസമർപ്പണം നടത്തി. എസ്. നാരായണഅയ്യർ ഏറ്റുവാങ്ങി. സത്രസമിതി പ്രസിഡന്റ് കെ. ശിവശങ്കരൻ അധ്യക്ഷനായി. ഡോ. കെ.എസ്. രാധാകൃഷ്ണൻ, തോട്ടത്തിൽ രവിന്ദ്രൻ എംഎൽഎ, കെ.ജി. രാജേശ്വരി, ടി.ജി. പത്മനാഭൻ നായർ, അഡ്വ. പി.എസ്. ശ്രീകുമാർ, ശ്രീനാരായണദാസ്, എസ്. ശ്രീനി, വി.കെ. സരസ്വതി കെ.എൻ. പ്രേമാനന്ദൻ, കെ.കെ. ഗോപകുമാർ, പി. വെങ്കിട്ടരാമയ്യർ, അഡ്വ. ജി. മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.