തിരുവനന്തപുരം : ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കവും പൂർത്തീകരിച്ചു. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കം വിലയിരുത്തി. എല്ലാ തീർഥാടകർക്കും സുഗമമായ ദർശനം ഒരുക്കും. ഇത്തവണ ശബരമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നൽകുക. തീർഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും.
വിവിധ വകുപ്പുകളുടെ ഒരുക്കം വിലയിരുത്തി. ഇടത്താവളങ്ങളിലെ ഒരുക്കം വിലയിരുത്താനുള്ള യോഗങ്ങൾ പൂർത്തീകരിച്ചു. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം എല്ലാ പ്രവർത്തികളും നവംബർ 10നകം പൂർത്തീകരിക്കും. 1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നൽകി നിയോഗിക്കും. പോലീസ് വിപുലമായ സുരക്ഷാസംവിധാനമൊരുക്കും. മുൻപ് ശബരിമലയിൽ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കാനനപാതയിൽ തീർഥാടകർക്ക് എല്ലാസൗകര്യവും ഒരുക്കും.
സ്‌നേക്ക് ക്യാച്ചേഴ്‌സിന്റെ അടക്കം സേവനം ലഭ്യമാണ്. അഗ്നിരക്ഷാ സേന ഇത്തവണ കൂടുതൽ ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിൽ നിയോഗിക്കും. 2500 ആപ്തമിത്ര വോളന്റിയർമാരുടെ സേവനം അഗ്നിരക്ഷ സേനയുടെ ഭാഗമായി ഒരുക്കും. ഫയർഫോഴ്‌സ് വിവരങ്ങൾ കൈമാറുന്നതിനും പെട്ടെന്ന് നടപടികൾ സ്വീകരിക്കുന്നതിനും പുതിയ വാക്കിടോക്കി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യൂപോയിന്റുകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തും. സ്‌കൂബാ ടീമടക്കമുള്ളവരുടെ സേവനവും ലഭിക്കും.