മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. അത്തരത്തില്‍ ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് കിഡ്നി സ്റ്റോൺ അഥവാ വൃക്കയിലെ കല്ല്. മൂത്രത്തിന്റെ അളവ് കുറയുകയും കാത്സ്യം, ഓക്‌സലേറ്റ്, ഫോസ്‌ഫേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങള്‍ ക്രിസ്റ്റലുകളായി അടിഞ്ഞുകൂടുകയും ചെയ്യുമ്പോഴാണ് അത് കല്ലുകളായി മാറുന്നത്. വൃക്കയിലെ ഈ കല്ലുകള്‍ ദീര്‍ഘകാലം കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ അവ മൂത്രനാളിയിലേക്ക് പ്രവേശിച്ച് മൂത്രത്തിന്‍റെ പുറത്തേക്കുള്ള ഒഴുക്കിനെ തടയും. ഇത് വൃക്കകള്‍ വീര്‍ത്ത് മറ്റ് സങ്കീര്‍ണതകളും സൃഷ്ടിക്കുന്നു. മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, മൂത്രത്തിന്റെ നിറം മാറുക, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ, മൂത്രത്തില്‍ രക്തം, മൂത്രത്തിൽ ദുർഗന്ധം വമിക്കുക, അടിവയറ്റില്‍ തോന്നുന്ന വേദന, പുറകിലോ വശത്തോ ഉള്ള വേദന, കാലുകളിൽ വീക്കം, നിൽക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട്, ഓക്കാനം, ഛർദ്ദി തുടങ്ങിയവയൊക്കെ ചിലപ്പോള്‍ കിഡ്‌നി സ്‌റ്റോണിന്‍റെ ലക്ഷണങ്ങളാകാം. വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്
ധാരാളം വെള്ളം കുടിക്കുക എന്നതാണ് വൃക്കയിലെ കല്ല് വരാതിരിക്കാന്‍ ആദ്യം ചെയ്യേണ്ടത്. ദിവസവും എട്ട് മുതൽ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
രണ്ട്
ഉപ്പിന്‍റെ അമിത ഉപയോഗം വൃക്കയിലെ കല്ലിനുള്ള സാധ്യത കൂട്ടും. അതിനാല്‍ ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക.
മൂന്ന്
മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പഞ്ചസാരയുടെ അമിത ഉപയോഗവും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
നാല്
കോളകൾ ഉൾപ്പെടെ കൃത്രിമ ശീതളപാനീയങ്ങൾ, കോഫി തുടങ്ങിയവ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
അഞ്ച്
നാരങ്ങ, ആപ്പിള്‍ സൈഡര്‍ വിനഗര്‍ തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡിന് കാത്സ്യം അടിഞ്ഞു കൂടുന്നതിനെ തടയാന്‍ സഹായിക്കും.
ആറ്
ഭക്ഷണത്തില്‍ ആരോഗ്യകരമായ തോതില്‍ മാഗ്നീഷ്യം ഉള്‍പ്പെടുത്തുന്നത് കിഡ്നി സ്റ്റോൺ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്.
ഏഴ്
അമിത ഭാരം കുറയ്ക്കുന്നതും കിഡ്നി സ്റ്റോണിനെ പ്രതിരോധിക്കാന്‍ സഹായിക്കും.
എട്ട്
പതിവായി വ്യായാമം ചെയ്യുക. ഇത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.