പ്രയാഗ്രാജ്: ലൈംഗികാതിക്രമത്തിന്റെ ഫലമായി ഗര്‍ഭം ധരിച്ച കുഞ്ഞിന് ജന്മം നല്‍കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കാനാവില്ലെന്നും, ‘വിവരണാതീതമായ ദുരിതങ്ങള്‍ക്ക്’ കാരണമാകുമെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ബധിരയും മൂകയുമായ 12കാരിയുടെ 25 ആഴ്ചത്തെ ഗര്‍ഭം അവസാനിപ്പിക്കാന്‍ അനുമതി തേടിയ യുവതിയെ പരിശോധിക്കാന്‍ അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിന് കഴിഞ്ഞയാഴ്ച നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് കോടതിയുടെ മറുപടി. ജസ്റ്റിസുമാരായ മഹേഷ് ചന്ദ്ര ത്രിപാഠിയും പ്രശാന്ത് കുമാറും അടങ്ങുന്ന ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. .
പെണ്‍കുട്ടിയെ അയല്‍വാസി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നും വൈകല്യങ്ങള്‍ കാരണം ഇക്കാര്യം ആരോടും പറയാന്‍ കഴിഞ്ഞില്ലെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കഴിഞ്ഞയാഴ്ച വാദിച്ചിരുന്നു. അമ്മ ശക്തമായി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആംഗ്യഭാഷ ഉപയോഗിച്ച് അയല്‍ക്കാരന്‍ തന്നെ ബലാത്സംഗം ചെയ്തതായി വെളിപ്പെടുത്തിയത്. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, പോക്സോ നിയമപ്രകാരമുള്ള ബലാത്സംഗത്തിനും മറ്റ് കുറ്റങ്ങള്‍ക്കും ഇയാള്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. 2023 ജൂണ്‍ 16 ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 23 ആഴ്ച്ച ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.