അലഹബാദ്: ഇന്ത്യൻ സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനെതിരെയുള്ള സമൻസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2022-ലെ ഭാരത് ജോഡോ യാത്രക്കിടെയാണ് രാഹുൽ ഗാന്ധി ഇത്തരമൊരു പരാമർശം നടത്തിയത്. ഈ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ലഖ്നൗ കോടതി പുറപ്പെടുവിച്ച സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതി ഇത്തരമൊരു വിമർശനം നടത്തിയത്. ജസ്റ്റിസ് സുഭാഷ് വിദ്യാർഥിയുടെ ബെഞ്ചാണ് ഗാന്ധിയുടെ ഹർജി തള്ളിയത്.
2025 ഫെബ്രുവരിയിലാണ് ലഖ്നൌവിലെ എം പിമാർക്കും എം എൽ എമാർക്കുമുള്ള പ്രത്യേഗ കോടതി സമൻസ് അയച്ചത്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ)മുൻ ഡയറക്ടർ ഉദയ് ശങ്കർ ശ്രീവാസ്തവ നൽകിയ പരാതിയിലായിരുന്നു കോടതി നടപടി. 2022 ഡിസംബർ 9 ന് ഇന്ത്യ-ചൈനീസ് സൈന്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഇന്ത്യൻ സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഇന്ത്യയുടെ 2000 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈന പിടിച്ചെടുത്തതിനെക്കുറിച്ചും 20 ഇന്ത്യൻ സൈനികരെ കൊന്നതിനെക്കുറിച്ചും അരുണാചൽ പ്രദേശിൽ നമ്മുടെ സൈനികരെ അടിച്ചമർത്തുന്നതിനെക്കുറിച്ചൊന്നും മാധ്യമങ്ങൾ ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നും രാഹുൽ പരാമർശിച്ചാതായി പരാതിയിൽ പറയുന്നു.