തിരുവനന്തപുരം: കെല്‍ട്രോണിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. എഐ ക്യാമറയുമായി ബന്ധപ്പെട്ട് കെല്‍ട്രോണിനെതിരെ ഉയര്‍ന്ന വിവാദം അന്വേഷിക്കാന്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയോഗിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിജിലന്‍സ് അന്വേഷണം കെല്‍ട്രോണിനെതിരെയല്ലെന്നും ഉദ്യോഗസ്ഥനെതിരെയാണെന്നും മന്ത്രി വ്യക്തമാക്കി.
ഉദ്യോഗസ്ഥനെതിരായ പരാതിയിലൊന്ന് എഐ ക്യാമറയുമായി ബന്ധപ്പെട്ടുള്ളതാണ്. കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയത് നിയമപരമാണ്. ഉപകരാര്‍ കൊടുത്ത വിവരം കെല്‍ട്രോണ്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ടെണ്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമപരമായാണ് ചെയ്തത്. ഉപകരാര്‍ കൊടുക്കുന്നത് മന്ത്രിസഭയെ അറിയിക്കേണ്ടതില്ലെന്നും മന്ത്രി വിശദീകരിച്ചു.