പത്തനംതിട്ട : വശം നൽകിയില്ലെന്ന് ആരോപിച്ച് റിട്ട. പ്രൊഫസറുടെ കാർ തടഞ്ഞശേഷം കൈവളകൊണ്ട് ആക്രമിച്ച് മൂക്കിന്റെ പാലം ഇടിച്ചുതകർത്ത കേസിൽ പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര ബ്ലോക്ക് ഓഫീസിന് സമീപം കല്ലുപ്പുറത്ത് കൊട്ടാരത്തിൽ വീട്ടിൽ ആന്റണി ജോർജ്(62) നാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കടപ്ര പുളിക്കീഴ് പള്ളിക്ക് സമീപം വളഞ്ഞവട്ടം പെരുമ്പുഞ്ചയിൽ എബി മാത്യു (41) ആണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്. പുളിക്കീഴ് ബ്ലോക്ക് ഓഫീസിന് സമീപം ഈ മാസം 11 ന് ഉച്ചക്ക് 12.45 നാണ് സംഭവം. മാവേലിക്കര ഭാഗത്തുനിന്ന് തിരുവല്ലയിലേക്ക് കാർ ഓടിച്ച് വരികയായിരുന്നു ആന്റണി ജോർജ്. മോട്ടോർസൈക്കിളിൽ വന്ന പ്രതി തനിക്ക് കടന്നുപോകാൻ വശം നൽകിയില്ല എന്ന പേരിൽ കാർ തടയുകയും അസഭ്യം വിളിച്ചുകൊണ്ടു കയ്യിൽ ധരിച്ചിരുന്നവളകൊണ്ട് മൂക്കിലും തുടർന്ന് വലതു കണ്ണിന് താഴെയും ഇടിക്കുകയുമായിരുന്നു. മൂക്കിന്റെ എല്ലിന് പൊട്ടലും വലതുകണ്ണിന് താഴെമുറിവുണ്ടാവുകയും ചെയ്തു.
മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് എസ് ഐ കുരുവിള സക്കറിയയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തുടക്കത്തിൽ പ്രതിയെപ്പറ്റിയോ ഇയാൾ സഞ്ചരിച്ച വാഹനത്തെപ്പറ്റിയോ വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നില്ല. എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ തുടർന്ന് നടന്ന അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വ്യാപകമാക്കിയ തെരച്ചിലിൽ പ്രതിയെ പിടി കൂടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതി സഞ്ചരിച്ച വാഹനത്തെക്കുറിച്ച് സൂചനകൾ ലഭിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ പുളിക്കീഴുനിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തു. പ്രതി കയ്യിൽ ധരിച്ചിരുന്ന ആക്രമിക്കാൻ ഉപയോഗിച്ച വള പോലീസ് പിടിച്ചെടുക്കുകയും, ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിശദമായ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി. അന്വേഷണസംഘത്തിൽ എസ് ഐ കെ സുരേന്ദ്രൻ, എസ് ഐ കുരുവിള, എ എസ് ഐ രാജേഷ്, എസ് സിപി ഓ അനീഷ്, സിപി മാരായ രഞ്ജു, വിനീത്, രജീഷ്, സുജിത്ത് എന്നിവരാണ് ഉള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.