മുംബൈ: ഒ.ടി.ടിയ്ക്ക് മേലുള്ള സെന്‍സര്‍ഷിപ്പിനെ അനുകൂലിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളില്‍ നല്ല ഉള്ളടക്കങ്ങളാണ് വേണ്ടതെന്നും നടന്‍ പറഞ്ഞു. ‘മാധ്യമങ്ങളില്‍ സെന്‍സര്‍ഷിപ്പ് വേണമെന്ന് ഞാന്‍ തീര്‍ച്ചയായും കരുതുന്നു. അശ്ലീലത, നഗ്നത, അസഭ്യം തുടങ്ങിയവ തീര്‍ച്ചയായും നിര്‍ത്തണം’ സല്‍മാന്‍ ആവശ്യപ്പെട്ടു. 68ാമത് ഫിലിം ഫെയര്‍ അവാര്‍ഡുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.
15-16 വയസ്സുകാര്‍ക്ക് അവരുടെ ഫോണില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ ഇപ്പോള്‍ കാണാന്‍ കഴിയും. പഠനത്തിനായി ഫോണ്‍ ഉപയോഗിക്കുന്നുവെന്ന് മുന്‍കൂര്‍ ജാമ്യത്തോടെ നിങ്ങളുടെ മകള്‍ ഇത്തരം കാര്യങ്ങള്‍ കാണുന്നത് നിങ്ങള്‍ ഇഷ്ടപ്പെടുമോ? ഞാന്‍ ഇത്രയേ ഉദ്ദേശിക്കുന്നുള്ളു, ഒ.ടി.ടിയിലെ ഉള്ളടക്കം പരിശോധിക്കപ്പെടണം. മികച്ച ഉള്ളടക്കം നന്നാകും. അതിന് നിരവധി കാണികളുമുണ്ടാകും, സല്‍മാന്‍ പറഞ്ഞു. നാം അതിരുകള്‍ ലംഘിക്കരുത്. നാം ഇന്ത്യയിലാണ് ജീവിക്കുന്നത്. മുമ്പ് വളരെ കൂടുതലായിരുന്നു. ഇപ്പോള്‍ നിയന്ത്രിക്കപ്പെട്ടെന്നും നടന്‍ പറഞ്ഞു.