സൗന്ദര്യത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി ഏറെ ഗുണം ചെയ്യുന്ന ‘കറ്റാർവാഴ’, ഒരു അത്ഭുത സസ്യം തന്നെയാണെന്ന് തീർത്ത് പറയേണ്ടി വരും. അലോവേര എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ‘കറ്റാർവാഴ’ ചർമ്മത്തിലെ ചുളിവുകൾ നീക്കാനായും മുടിയുടെ വളർച്ചയ്‌ക്കും ചർമ്മത്തിനു പുറത്തെ ചൊറിച്ചിലിനും സൂര്യതാപത്തിനുമെല്ലാം ഉത്തമമാണ്. മുഖത്തിന്റെ സ്വാഭാവികമായ ഈർപ്പവും പിഎച്ച് ലെവലും നിലനിർത്തുന്നതിനൊപ്പം ഏറെ ഗുണവശങ്ങളുള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യവർധകവസ്തുവാണ് കറ്റാർവാഴ. ജെൽ രൂപത്തിലും കറ്റാർവാഴ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കും. നിലവിൽ മാർക്കറ്റിൽ ലഭ്യമായ ഒട്ടുമിക്ക ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിലും കറ്റാർവാഴയുടെ അംശം അടങ്ങിയിട്ടുണ്ട്. സ്ഥിരമായി കറ്റാർവാഴ ജെൽ മുഖത്തും ശരീരത്തിലും പുരട്ടിയാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. അലോവേരയിൽ 96 ശതമാനത്തോളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന്റെ സ്വാഭാവികമായ ഈർപ്പം നിലനിർത്തുകയും ചര്‍മ്മം വരണ്ട് പോകാതിരിക്കാൻ സഹായിക്കുകയും ചെയ്യും. വരണ്ട ചർമ്മക്കാർക്ക് കറ്റാർവാഴ മോയ്സ്ചറൈസർ പോലെ ഉപയോഗിക്കാവുന്നതാണ്.
2. മൃതകോശങ്ങളെ നീക്കം ചെയ്യാനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കറ്റാർവാഴയ്ക്ക് ഉണ്ട്. കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, ബി, സി, കോളിൻ, ഫോളിക് ആസിഡ് എന്നിവയാണ് ഇതിന് സഹായിക്കുന്നത്.
3. വേനല്‍ക്കാലത്ത് വെയിലേറ്റുണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ക്ക് കറ്റാര്‍വാഴയുടെ ജെല്‍ പുരട്ടിയാൽ മതിയാകും. സൂര്യതാപം, തിണർപ്പ്, എക്‌സിമ (വരട്ടുചൊറി) എന്നിവയ്ക്കുള്ള പ്രകൃതിദത്തമായ പരിഹാരമാണ് കറ്റാർവാഴ. ഇത് ശരീരത്തിലെ പിഎച്ച് ലെവൽ സന്തുലിതമാക്കാനും സഹായിക്കും. സൂര്യാതാപത്തിൽ നിന്നും പരിരക്ഷ നൽകാൻ കറ്റാർവാഴ സഹായകരമാണെന്ന് പരീക്ഷണങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. സ്ഥിരമായി കറ്റാർവാഴ ജെൽ പുരട്ടുന്നത് ചർമ്മത്തെ സൂര്യന്റെ കടുത്തരശ്മികളിൽ നിന്നും സംരക്ഷിക്കും.
4. ആൻറി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ കൂടാതെ ത്വക്കിനെ മൃദുവാക്കുന്ന സാലിസിലിക് ഗുണങ്ങൾ കൂടി അടങ്ങിയതാണ് കറ്റാർ വാഴ. കറ്റാർവാഴ ജെൽ പതിവായി മുഖത്തു പുരട്ടിയാൽ മുഖത്തെ പാടുകളും മുഖക്കുരുവും പൂർണമായും നീക്കം ചെയ്യാൻ സാധിക്കും.
5. ശരീരത്തിലേൽക്കുന്ന ചെറിയ പൊള്ളലുകൾ ഒക്കെ പെട്ടെന്ന് സുഖം പ്രാപിക്കാൻ, പൊള്ളലേറ്റ ഭാഗത്ത് ദിവസം മൂന്നുതവണ എന്ന രീതിയിൽ കറ്റാർവാഴ ജെൽ പുരട്ടിയാൽ മതി. ചെറിയ മുറിവുകൾക്ക് ഓയിന്റ്മെന്റ് പുരട്ടുന്നുന്നതിനു പകരം കറ്റാർവാഴ ജെൽ പരീക്ഷിക്കാം. മുറിവുകൾ വേഗത്തിൽ ഉണക്കാനും കൊളാജൻ വർദ്ധിപ്പിക്കാനും ബാക്ടീരിയയെ ചെറുക്കാനും കറ്റാർവാഴ ജെല്ലിനു കഴിവുണ്ട്.
6. നിറം വര്‍ദ്ധിപ്പിയ്ക്കാനും കറ്റാര്‍ വാഴ ജെല്‍ നല്ലതാണെന്ന് പറയപ്പെടുന്നു. കറ്റാർവാഴയിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും വൈറ്റമിനുകളുമെല്ലാമാണ് ഇതിന് സഹായിക്കുന്നത്. കറ്റാർവാഴ ജെൽ കൊണ്ട് മസാജ് ചെയ്യുമ്പോൾ ചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കുകയും ക്രമേണ മുഖത്തിന്റെ നിറം വര്‍ദ്ധിക്കുകയും ചെയ്യും.
7. ബ്ലാക് ഹെഡ്‌സ്, പിഗ്മെന്റേഷൻ, നിറവ്യത്യാസം എന്നിവ മാറാനായി രാത്രി കറ്റാർവാഴ ജെൽ മുഖത്തുപുരട്ടി കിടക്കാം. രാവിലെ കഴുകി കളഞ്ഞാൽ മതി.
8. നല്ലൊരു ആന്റി ഏജിംഗ് ക്രീമായി ഉപയോഗിക്കാം. മുഖത്തിന്റെ സ്വാഭാവികത നിലനിർത്തി പ്രായം തോന്നാതിരിക്കാന്‍ ഇത് സഹായിക്കും. ഒപ്പം ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ മുഖത്തെ ചുളിവുകൾ മാറാനും നല്ലതാണ്.
9. കാലിന്റെ ഉപ്പൂറ്റി വിണ്ട് കീറുന്ന പ്രശ്നമുള്ളവർക്കും കറ്റാർവാഴ ജെൽ ഉപയോഗിക്കാം. വാക്സിംഗിനും ഷേവിംഗിനുമൊക്കെ ശേഷം ചർമ്മത്തിലുണ്ടാവുന്ന ചുവന്ന പാടുകളും തടിപ്പും തിണർപ്പും മാറാൻ കറ്റാർവാഴ ജെൽ പുരട്ടാം. ആഫ്റ്റർ ഷേവ് ക്രീമുകൾക്ക് പ്രകൃതിദത്തമായ ബദലാണ് കറ്റാർവാഴ ജെൽ.
10. മേക്കപ്പ് റിമൂവർ ആയും കറ്റാർവാഴ ജെൽ ഉപയോഗിക്കാവുന്നത്. ഒരു പഞ്ഞിയിൽ അൽപ്പം ജെൽ എടുത്ത് മുഖത്ത് പതിയെ മസാജ് ചെയ്യാം. മേക്കപ്പ് പൂർണമായും ചർമ സുഷിരങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ഇത് സഹായിക്കും.
11. കൺതടങ്ങളിലെ കറുപ്പാണ് പലരും നേരിടുന്ന പ്രശ്നം. കൺതടത്തിലെ രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമാണ് ഇതിന്റെ പ്രധാന കാരണം. കറ്റാർ വാഴ ജെല്ലിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളും വൈറ്റമിനുകളും ഈ പ്രശ്നം പരിഹരിക്കാൻ അത്യുത്തമമാണ്. കറ്റാർ വാഴ ജെൽ അൽപ്പമെടുത്ത് കൺതടങ്ങളിൽ നിത്യേന മസാജ് ചെയ്യുന്നത് കണ്ണിനു താഴത്തെ കറുപ്പ് കുറക്കാൻ സഹായിക്കും.
12. ശരീരത്തിൽ പുരട്ടാൻ മാത്രമല്ല അകത്തേക്ക് കഴിക്കാനും കറ്റാർവാഴ നല്ലതാണ്. കറ്റാർവാഴ ജ്യൂസ് കഴിക്കുന്നത് ശരീരത്തെ വിഷവിമുക്തമാക്കാൻ സഹായിക്കും. നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, ദഹനക്കേട് എന്നിവയ്‌ക്കും കറ്റാര്‍ വാഴ ജ്യൂസ് ഔഷധമാണ്. ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂൺ തന്നെ ധാരാളമാണ്. അധികം ജ്യൂസ് എടുക്കേണ്ട ആവശ്യമില്ല.
13. മുടി ബലമുള്ളതാക്കാനും താരൻ അകറ്റാനും കറ്റാർവാഴ ജെൽ മുടിയിഴകളിൽ പുരട്ടുന്നത് നല്ലതാണ്. ജെൽ മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് നേരിയ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.