തെൽ അവിവ്: പട്ടിണി പിടിമുറുക്കിയ ഗസ്സയിൽ മാനുഷികസഹായം എത്തിക്കുന്നതിനുള്ള ബദൽ സംവിധാനം നടപ്പായില്ല. യുഎസ് കരാർ സ്ഥാപനത്തിനു കീഴിൽ ഞായറാഴ്ച ഭക്ഷ്യവിതരണം ആരംഭിക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കി. യുഎസ് ദൂതൻ സ്റ്റിവ് വിറ്റ്കോഫുമായി മൊസാദ് മേധാവി റോമിൽ ചർച്ച നടത്തും. ഗസ്സയിൽ ഇന്നലെ മാത്രം 72 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സയിൽ മാനുഷികസഹായമെത്തിക്കുന്നതിനുള്ള പുതിയ വിതരണസംവിധാനം ഇനിയും നിലവിൽ വന്നില്ല. ഞായറാഴ്ച മുതൽ യുഎസ് കരാർ സ്ഥാപനത്തിനു ചുവടെ പരിമിത സ്വഭാവത്തിലുള്ള ഭക്ഷ്യവിതരണം നടക്കുമെന്ന് ഇസ്രായേൽ അറിയിച്ചു. നിത്യം 500 ട്രക്ക് സഹായമെങ്കിലും ഗസ്സയിലേക്ക് അനുവദിക്കണമെന്ന് യുഎന്നും വിവിധ സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ടു.
അതേസമയം തെക്കൻ ഗസ്സയിൽ ഭക്ഷ്യവിതരണത്തിന്‍റെ മറവിൽ തടവുകേന്ദ്രത്തിന് രൂപം നൽകാനുള്ള ഇസ്രായേൽ നീക്കം വിജയിക്കില്ലെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. ഗസ്സയിലെ ആക്രമണ പദ്ധതിയിൽ മാറ്റമില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപുമായി സംസാരിച്ചതായും ഗസ്സ യുദ്ധലക്ഷ്യങ്ങൾക്കായി ആക്രമണം തുടരുന്നതിനോട് അദ്ദേഹം യോജിക്കുന്നതായും നെതന്യാഹു അറിയിച്ചു. യുഎസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫുമായി ചർച്ച നടത്താൻ മൊസാദ് മേധാവി ഡേവിഡ് ബെർണിയ റോമിലേക്ക് പുറപ്പെടും.ഗസ്സയിലെ ഭക്ഷ്യവിതരണവും വെടിനിർത്തൽ സാധ്യതയും ചർച്ചയാകും.
ഹമാസിന് നിയന്ത്രണമില്ലാത്ത ഗസ്സയിലെ വിതരണസംവിധാനം എത്രകണ്ട് ഫലപ്രദമാകുമെന്ന ആശങ്കയും ശക്തമാണ്. വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടിയതോടെ, ഗസ്സയിൽ പട്ടിണിയും ദുരിതവും രൂക്ഷമായി തുടരുകയാണ്. ഉപരോധം അവസാനിപ്പിക്കുന്നില്ലെങ്കിൽ ഗസ്സ കൊടും പട്ടിണിയിലേക്ക് നീങ്ങുമെന്ന് ഭക്ഷ്യസുരക്ഷാവിദഗ്ധർ വീണ്ടും മുന്നറിയിപ്പ് നൽകി. അതിനിടെ,പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, മുൻ പ്രതിരോധമന്ത്രി യോവ് ഗാലന്‍റ് എന്നിവർക്കെതിരായ അറസ്റ്റ് വാറന്‍റ് റദ്ദാക്കണമെന്ന ഇസ്രായേലിന്‍റെ അപേക്ഷ തള്ളണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടർമാർ ജഡ്ജിമാരോട് ആവശ്യപ്പെട്ടു.