കോന്നി : ബ്രിട്ടിഷ് ഭരണ കാലത്ത് മലയോര മേഖലയുടെ വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ ഫാർ സായിപ്പിന്റെ ചിത്രം കോന്നി റിപ്പബ്ലിക്കൻ വൊക്കെഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിന് സമ്മാനിച്ച് പൂർവ്വവിദ്യാർത്ഥി. കോന്നി ആർ വി എച്ച് എസിലെ പൂർവ്വ വിദ്യാർത്ഥിയും അമേരിക്കയിൽ ഗവേഷക വിദ്യാർത്ഥിയുമായ അരുൺ ശശിയാണ് കോന്നി ആർ വി എച്ച് എസ് എസിന് ചിത്രം സമ്മാനിച്ചത്. ചിത്രം സ്‌കൂൾ അധികൃതർക്ക് കൈമാറി. നൂറ്റാണ്ടുകൾക്ക് മുൻപ് ലണ്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രെസിൽ പ്രിന്റ് ചെയ്ത പുസ്തകങ്ങൾ കോന്നി ആർ വി എച്ച് എസ് എസ് ന് ഫാർ സായിപ്പ് നൽകിയിരുന്നു. ഫാർ ലൈബ്രറി എന്ന പേരിൽ ഇന്നും ഈ പുസ്തകങ്ങൾ ഈ സ്‌കൂളിൽ ഉണ്ട്. പുസ്തകങ്ങളോടൊപ്പം സായിപ്പ് സംഭാവന ചെയ്ത ക്ളോക്കും സ്‌കൂളിൽ ഉണ്ടായിരുന്നു. ക്ലോക്ക് കാലപഴക്കത്താൽ നശിച്ചു എങ്കിലും പുസ്തകങ്ങൾക്ക് ഇന്നും കേടുപാടുകൾ ഇല്ല.
ബ്രിട്ടീഷ് ഭരണ കാലത്ത് മലയോര മേഖലയുടെ വികസനത്തിന് നിരവധി സംഭാവനകൾ ചെയ്ത ആളാണ് ഫാർ സായിപ്പ്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധീന കാലത്ത് മലയോര ജനത നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധ്യപ്പെടുത്താനും ശ്രമം നടത്തിയ ആളായിരുന്നു ഫാർ. മലയോര മേഖലയുടെ നെടുംതൂണായ പുനലൂർ വടശേരിക്കര റോഡ് വികസിപ്പിച്ചെടുത്തത് ശ്രീമൂലം പ്രജാ സഭയിൽ പ്ലാന്റേഷൻ അസോസിയേഷൻ അംഗമായിരുന്ന ഫാർ സായിപ്പിന്റെ ആവശ്യപ്രകാരം ആയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ് കമ്പനിയുടെ റബർ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് ട്രസ്റ്റിന്റെ കല്ലേലി തോട്ടത്തിലെ മാനേജരായിരുന്നു ഫാർ സായിപ്പ്. അതിന് മുമ്പ് ശ്രീലങ്കയിലെ വാൾഡിമാർ തേയിലത്തോട്ടത്തിലെ മാനേജരായിരുന്നു. ശ്രീലങ്കയിൽ നിന്ന് 1920 ലാണ് അദ്ദേഹം കോന്നിയിൽ എത്തുന്നത്. ശ്രീമൂലം പ്രജാസഭയിൽ പ്ലാന്റേഷൻ അസോസിയേഷൻ അംഗമായിരുന്ന ഫാർ സായിപ്പ് മലയോരത്ത് റബർ കൃഷിക്ക് തുടക്കമിടുന്നതിലും പ്രധാന പങ്കുവഹിച്ചു. ഗതാഗത സൗകര്യങ്ങൾ പരിമിതമായിരുന്ന കാലത്ത് കല്ലേലിൽ നിന്ന് കുതിരപ്പുറത്ത് കോന്നിയിൽ എത്തി മടങ്ങുന്ന ഫാർ സായിപ്പിന്റെ രൂപം ഇന്നും പഴമക്കാരുടെ മനസിലുണ്ട്.