കോഴിക്കോട് : എ.എം (ആംപ്ലിറ്റ്യൂഡ് മോഡുലേറ്റഡ്) ട്രാന്സ്മിഷന് സംവിധാനത്തിലുള്ള റേഡിയോ സ്റ്റേഷനുകള്‍ അടച്ചുപുട്ടാനുള്ള നീക്കം സജീവമാകുന്നതോടെ കോഴിക്കോട് ആകാശവാണിയുടെ എ.എം വിഭാഗവും ഇനി ഓര്‍മയായേക്കും. എ.എം സ്റ്റേഷനുകള്‍ കാലഹരണപ്പെട്ടെന്നും പ്രവര്‍ത്തന ചെലവ് കൂടുതലാണെന്നുമുള്ള ന്യായം പറഞ്ഞാണ് രാജ്യത്തെ നിരവധി ആകാശവാണി നിലയങ്ങള്‍ അടച്ചുപൂട്ടാന്‍ പ്രസാര്‍ ഭാരതി ഒരുങ്ങുന്നത്.
ട്രാന്സ്മിഷന് വാല്‍വുകള്‍ കാലഹരണപ്പെട്ടതും ആകാശവാണി നിലയങ്ങള്‍ പൂട്ടാന്‍ കാരണമാണ്. സ്വകാര്യ കണ്‍സള്‍ട്ടന്‍സിയുടെ ഉപദേശം മാനിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ജനപ്രിയ നിലയങ്ങള്‍ക്ക് താഴിടുന്നത്. എഫ്.എം ബാന്‍ഡുകള്‍ നിലനിര്‍ത്തും. റിലേ വാര്‍ത്തകളടക്കം എ.എം ബാന്‍ഡിലാണ് നിലവില്‍ പ്രക്ഷേപണം ചെയ്യുന്നത്. തൃശൂര്‍ നിലയത്തിനും കേന്ദ്രതീരുമാനം തിരിച്ചടിയാകും. ആലപ്പുഴയില്‍ പൂട്ടാനുള്ള തീരുമാനം വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.
70 വര്‍ഷമായി മലബാറിന്റെ ജീവിതചര്യയില്‍ അവശ്യഘടകമായിരുന്ന കോഴിക്കോട് ആകാശവാണി നിലയം നിര്‍ത്തലാക്കുന്നത് ലക്ഷക്കണക്കിന് ശ്രോതാക്കള്‍ക്ക് കനത്ത നഷ്ടമാകും. വാര്‍ത്തകളും വിനോദങ്ങളുമായി ജനങ്ങള്‍ക്ക് എന്നും ഉപകാരമായിരുന്നു ഇവിടെനിന്നുള്ള സേവനങ്ങള്‍. പി. ഭാസ്കരന്, എന്‍.എന്‍. കക്കാട്, കെ. രാഘവന് മാസ്റ്റര്‍, തിക്കോടിയന്, ഉറൂബ്, അക്കിത്തം തുടങ്ങിയ പ്രഗല്ഭര് അറബിക്കടലിന്റെ കാറ്റേറ്റ് കിടക്കുന്ന കോഴിക്കോട് നിലയത്തില്‍ ജോലി ചെയ്തിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികസന പരിപാടികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും ഈ നിലയം ശ്രദ്ധപുലര്‍ത്തിയിരുന്നു. ലക്ഷദ്വീപുകാര്‍ക്കും കോഴിക്കോട് എ.എം നിലയം ആശ്രയമായിരുന്നു. എ.എം ട്രാന്സ്മിറ്ററുകള്ക്ക് പകരം ഡിജിറ്റല്‍ റേഡിയോ മോണ്‍ഡിയല്‍ (ഡി.ആര്.എം) സംവിധാനം ഒരുക്കിയാല്‍ എ.എം സ്റ്റേഷന് നിലനിര്‍ത്താന്‍ കഴിയും. തമിഴ്നാട്ടിലും കര്‍ണാടകയിലും ഗോവയിലും ഈ സംവിധാനത്തില്‍ ആകാശവാണി നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കോഴിക്കോട് നിലയത്തില്‍ നൂതന ഡിജിറ്റല്‍ സംപ്രേഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും എം.കെ. രാഘവന് എം.പി പ്രസാര്‍ ഭാരതി സി.ഇ.ഒയോട് ആവശ്യപ്പെട്ടു. അയല്‍ സംസ്ഥാനങ്ങളിലെ ഓള് ഇന്ത്യ റേഡിയോ നിലയങ്ങളൊക്കെതന്നെയും നൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യകളിലേക്ക് മാറിക്കഴിഞ്ഞു. വടക്കന്‍ കേരളത്തിന്റെ സംസ്കാരത്തില്‍ ഇഴുകിച്ചേര്‍ന്ന വളരെയേറെ പ്രാധാന്യമുള്ള ഈ നിലയത്തിന്റെ പ്രവര്‍ത്തനം നിലക്കുകയെന്നാല് ചരിത്രശേഷിപ്പിനെതന്നെ ഇല്ലായ്മ ചെയ്യുകയെന്നതാണെന്ന് എം.പി പരാതിയില്‍ ചൂണ്ടിക്കാട്ടി.