എരുമേലി : എരുമേലി പേട്ടതുള്ളലിനും മകരവിളക്കു ദർശനത്തിനുമായി അമ്പലപ്പുഴ സംഘം തിങ്കളാഴ്ച പുറപ്പെടും. സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് 10 ദിവസത്തെ യാത്ര. പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള സ്വർണത്തിടമ്പ് ക്ഷേത്രം മേൽശാന്തി കണ്ണമംഗലം കേശവൻ നമ്പൂതിരി സമൂഹപ്പെരിയോനു കൈമാറും. പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച രഥത്തിലാണ് തിടമ്പു കൊണ്ടുപോകുന്നത്. 250 പേർ അനുഗമിക്കും. സംഘം രക്ഷാധികാരി കളത്തിൽ ചന്ദ്രശേഖരനാണ് സംഘത്തെ യാത്രയാക്കുക. ആദ്യദിനത്തിൽ അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങളിൽ സംഘം ദർശനം നടത്തും. മല്ലശ്ശേരി മഹാദേവക്ഷേത്രത്തിൽ ഉച്ചഭക്ഷണം. തകഴി ധർമശാസ്താ ക്ഷേത്രത്തിലാണ് വിരിവെക്കൽ. രണ്ടാംദിനം രാവിലെ 7.30-നു യാത്ര തുടങ്ങും. ഉച്ചഭക്ഷണം ആനപ്രമ്പാൽ ക്ഷേത്രത്തിലാണ്. കവിയൂർ ക്ഷേത്രത്തിൽ രാത്രി വിശ്രമം. മൂന്നാം ദിവസം രാവിലെ പുനരാരംഭിക്കുന്ന യാത്രയിൽ മണിമലക്കാവ് ദേവീക്ഷേത്രത്തിൽനിന്ന് ഉച്ചഭക്ഷണം കഴിക്കും. വിരിവെക്കൽ മണിമലക്കാവ് ദേവീക്ഷേത്രത്തിൽ. ഒൻപതിന് മണിമലക്കാവിൽ ആഴിപൂജ നടത്തും.
പത്താംതീയതി സംഘം എരുമേലിയിലെത്തും. പകൽ 11-നാണ് പേട്ടതുള്ളൽ. തുടർന്ന് പേട്ടകെട്ടു തുടങ്ങും. കൊച്ചമ്പലത്തിൽനി ന്നിറങ്ങുന്ന സംഘം വാവരുപള്ളിയിൽ പ്രവേശിക്കും. വാവർ പ്രതിനിധിസംഘത്തോടൊപ്പം വലിയ അമ്പലത്തിലേക്കു നീങ്ങും. ക്ഷേത്രത്തിലെത്തുന്ന വാവർ പ്രതിനിധിയെയും സമൂഹപ്പെരിയോനെയും ആചാരപരമായി സ്വീകരിക്കും. ക്ഷേത്രപ്രദക്ഷിണവും നമസ്കാരവും നടത്തുന്നതോടെ പേട്ടതുള്ളൽ അവസാനിക്കും. രാത്രി എരുമേലി ക്ഷേത്രത്തിൽ ആഴിപൂജ നടത്തി പമ്പയിലേക്കു പുറപ്പെടും. 13-നു പമ്പാസദ്യയും പമ്പവിളക്കും നടത്തി മലകയറും. 14-നു രാവിലെ നെയ്യഭിഷേകവും അമ്പലപ്പുഴക്കാരുടെ മഹാനിവേദ്യവുമുണ്ട്. 15-നു മാളികപ്പുറത്തെ മണിമണ്ഡപത്തിൽനിന്ന് പതിനെട്ടാംപടിയിലേക്ക് ശീവേലി എഴുന്നള്ളത്തുണ്ട്.