വടക്കാഞ്ചേരി : ഇരട്ട കുട്ടികളുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ്, കെഎസ്‌ആര്‍ടിസി ബസിന് പുറകിലിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ ഷെഫീഖ്, അന്‍ഷിദ ദമ്പതികളുടെ ഒരു മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. വടക്കാഞ്ചേരി മുളങ്കുന്നത്തുകാവില്‍ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്.
കെഎസ്‌ആര്‍ടിസി ബസിന് മുന്നില്‍ തെന്നിവീണ ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെയാണ് പിന്നില്‍ വന്ന ആംബുലന്‍സ് ഇടിച്ചത്. ആംബുലന്‍സിന്റെ മുന്‍ഭാഗം അപകടത്തില്‍ തകര്‍ന്നു. പരിക്കേറ്റ രണ്ടാമത്തെ കുട്ടിയെയും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.