പറവൂർ: പണം മുൻകൂറായി ആവശ്യപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് വൈകി രോഗി മരിച്ച സംഭവത്തിൽ ആരോപണവിധേയനായ താൽക്കാലിക ആംബുലൻസ് ഡ്രൈവറെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. പറവൂർ താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ആംബുലൻസ് ഡ്രൈവർ ആന്റണി ഡിസിൽവയെയാണ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി പിരിച്ചുവിട്ടത്. നീണ്ടൂർ കൈതക്കൽ വീട്ടിൽ അസ്മയുടെ (72) മരണവുമായി ബന്ധപ്പെട്ടാണ് നടപടി. പറവൂർ താലൂക്ക് ആശുപത്രിയിൽനിന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്നാണ് അസ്മ മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.
പനിയെത്തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ച അസ്മയെ ആരോഗ്യനില ഗുരുതരമായതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചെങ്കിലും ആംബുലൻസ് വാടകയായ 900 രൂപ മുൻകൂർ നൽകിയാലേ കൊണ്ടുപോകൂവെന്ന് ആന്റണി നിർബന്ധം പിടിക്കുകയായിരുന്നു. വീട്ടിലെത്തി പണമെടുത്ത് നൽകിയശേഷം അരമണിക്കൂർ വൈകി അസ്മയെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തെത്തുടർന്ന് ആന്റണിയെ സസ്പെൻഡ് ചെയ്തിരുന്നു.ആരോഗ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.