ഇടുക്കി : ഇടുക്കിയില്‍ ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് 108 ആംബുലന്‍സ് ജീവനക്കാര്‍ പണിമുടക്കി. ഒരു മണി വരെയായിരുന്നു സൂചനാ പണിമുടക്ക്. ശമ്പളം ലഭിച്ചില്ലെങ്കില്‍ ജനുവരി 10 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്നവരാണ് 108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍.
എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്നവരുടെ അവകാശങ്ങളോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. കഴിഞ്ഞ രണ്ടു മാസമായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഇടത് തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ ഇന്ന് സൂചന പണിമുടക്ക് നടത്തിയത്. ഇടുക്കിയില്‍ മാത്രം പതിനഞ്ചോളം ആംബുലന്‍സുകളാണ് പണിമുടക്കിയത്. ഇതിന് മുന്‍പും സമാനമായ ആവശ്യം ഉന്നയിച്ച് ഇവര്‍ പ്രതിഷേധിച്ചിട്ടുണ്ട് .