ബെയ്റൂത്ത്: യുഎസ്എസ്ആര്‍ തകര്‍ന്നതുപോലെ യു.എസും തകരുമെന്ന് ഹമാസിന്‍റെ മുതിര്‍ന്ന നേതാവ് അലി ബറാക്ക മുന്നറിയിപ്പ് നല്‍കിയതായി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. നവംബർ 2 ന് ഒരു ലെബനീസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അലിയുടെ മുന്നറിയിപ്പ്. “ബ്രിട്ടനും ഗ്ലോബൽ ഫ്രീമേസൺറിയും ചേർന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് സ്ഥാപിച്ചത്, സോവിയറ്റ് യൂണിയനെപ്പോലെ അത് തകരും,” അലി പറയുന്നു. മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഹമാസ് നേതാവിന്‍റെ അഭിമുഖം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
“മേഖലയിലെ അമേരിക്കയുടെ എല്ലാ ശത്രുക്കളും കൂടിയാലോചിക്കുകയും അടുത്ത് വരികയും ചെയ്യുന്നു, അവർ ഒരുമിച്ച് യുദ്ധത്തിൽ ചേരുന്ന ഒരു ദിവസം വരാം, അമേരിക്കയെ ഭൂതകാലമാക്കി മാറ്റും,” ഹമാസ് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. അമേരിക്ക ഇനി ശക്തമായി തുടരില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയെ ആക്രമിക്കാനുള്ള ഉത്തരകൊറിയയുടെ കഴിവിനെ അലി ബറാക്ക പ്രശംസിച്ചു. “അതെ. നിങ്ങൾക്കറിയാവുന്നതുപോലെ, ഉത്തരകൊറിയയുടെ നേതാവ്..ഒരുപക്ഷേ, അമേരിക്കയെ ആക്രമിക്കാൻ പോന്ന ലോകത്തിലെ ഒരേയൊരു വ്യക്തി അവൻ മാത്രമാണ്. അമേരിക്കയെ ആക്രമിക്കാനുള്ള ശേഷി ഉത്തരകൊറിയക്കുണ്ട്. ഉത്തര കൊറിയ ഇടപെടുന്ന ദിവസം വന്നേക്കാം, കാരണം അത് [നമ്മുടെ] സഖ്യത്തിന്‍റെ ഭാഗമാണ്” അലി വിശദീകരിക്കുന്നു.