കോതമംഗലം : വയോധികയെ വയലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുമാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാതെ പോലീസ്. വീടിനു സമീപത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആമിനയുടെ മരണം ശ്വാസംമുട്ടിയാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞതോടെയാണു കൊലപാതകിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയത്.
ആമിനയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതോടെ മോഷണത്തിനുവേണ്ടിയുള്ള കൊലപാതകമാണെന്ന് പോലീസ് വിലയിരുത്തുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണു കൊലപാതകത്തിന്റെ സൂചനകള്‍ ലഭിച്ചത്. വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. മൃതദേഹം കിടന്ന സ്ഥലത്ത് കെട്ടിവെച്ച നിലയില്‍ പുല്ലുകെട്ടും അരിവാളും ഉണ്ടായിരുന്നു. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവുകള്‍ ശേഖരിച്ചു.
പ്രദേശവാസികളെ പലരെയും പോലീസ് വിശദമായി ചോദ്യം ചെയ്തു. ആലുവ റൂറല്‍ എസ്പിയുടെ കീഴില്‍ രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. പ്രതി ഉടന്‍ കുടുങ്ങുമെന്നാണ് പോലീസ് വിശദീകരണം.