തിരുവനന്തപുരം : പിണറായിയെയും കുടുംബത്തെയും ചോദ്യം ചെയ്യും. സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ അമിത്ഷായുടെ ഇടപെടല്‍ സ്വര്‍ണ്ണ കടത്തിലെ സ്വപ്‌നാ സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ ഗൗരവത്തോടെ എടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേരളത്തില്‍ സംഘപരിവാറിന്റെ ഉത്തരവാദിത്വമുള്ള വിശ്വസ്തനെ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിയോഗിച്ചതായാണ് സൂചന.
സ്വപ്‌നാ സുരേഷിനെതിരായ പുതിയ കേസ് റദ്ദാക്കാനുള്ള അപേക്ഷ ഹൈക്കോടതി നിരസിച്ചാല്‍ അപ്പീലുമായി സുപ്രീംകോടതിയിലും എത്തും. ഈ കേസിനെ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഉയര്‍ന്ന ആക്ഷേപവും പരിശോധിക്കുന്നുണ്ട്. ഇതില്‍ പ്രാഥമിക തെളിവുകള്‍ കിട്ടിയാല്‍ അതിവേഗ ഇടപെടലുകള്‍ കേന്ദ്രം നടത്തും.
തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തല്‍ സാധൂകരിക്കുന്ന തെളിവുകള്‍ യു.എ.ഇ കോണ്‍സുല്‍ ജനറലായിരുന്ന ജമാല്‍ അല്‍ സാബിയുടെ ബാഗില്‍ നിന്ന് പിടിച്ചെടുത്ത പത്ത് മൊബൈല്‍ ഫോണുകളില്‍ നിന്നും രണ്ട് പെന്‍ഡ്രൈവുകളില്‍ നിന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. സ്വര്‍ണം, ഡോളര്‍ കടത്തിലെ നിര്‍ണായക തെളിവുകളും രാഷ്ട്രീയ ഉന്നതരുടെ ശുപാര്‍ശയില്‍ അയോഗ്യര്‍ക്ക് വിസ നല്‍കിയതിനടക്കം ഈ മൊബൈലുകളില്‍ തെളിവുണ്ട്. മൂന്നു വര്‍ഷത്തിനിടെ അല്‍-സാബി ഉപയോഗിച്ചിരുന്നവയാണ് പിടിച്ചെടുത്ത പത്ത് ഫോണുകള്‍. ഇടയ്ക്കിടെ ഫോണ്‍ മാറുന്ന പതിവ് അല്‍ സാബിക്കുണ്ടായിരുന്നു. ഡോളര്‍ കടത്തിലെ രേഖകളടക്കം പെന്‍ഡ്രൈവിലുണ്ട്. ഇതെല്ലാം കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുകയാണ്.
കാശ്മീരിലേയും ഉത്തരേന്ത്യയിലേയും പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ കേരളത്തില്‍ നിന്നുള്ള ഫണ്ടിന് സ്വാധീനമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ നീക്കങ്ങളേയും ഗൗരവത്തോടെ എടുക്കാനാണ് തീരുമാനം. കാശ്മീരില്‍ എല്ലാ പ്രശ്‌നവും അവസാനിപ്പിച്ചതാണ്. അതിന് ശേഷം വീണ്ടും പ്രശ്‌നങ്ങള്‍ തലപൊക്കുന്നു. ഇതിന് പിന്നിലും മലയാളികളുടെ ഇടപെടലുണ്ട്. ഈ സാഹചര്യം എല്ലാം പരിഗണിച്ച് കേരളത്തിലേക്കുള്ള കള്ളപ്പണത്തിന്റേയും സ്വര്‍ണ്ണ കടത്തിന്റേയും വരവില്‍ അന്വേഷണം നടത്തും. നിലവില്‍ സ്വപ്‌നാ സുരേഷിന്റെ മൊഴിയില്‍ ഇഡിയാണ് പരിശോധനകള്‍ നടത്തുന്നത്. ഇത് മറ്റ് അന്വേഷണ ഏജന്‍സികളുടെ പരിധിയിലേക്ക് കൊണ്ടു വന്നേക്കും. കേരളത്തില്‍ രാഷ്ട്രീയ ശത്രുക്കളെ ഒതുക്കാന്‍ പോലീസിനെ കാര്യമായി തന്നെ സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ തെളിവുള്ള കേസില്‍ പോലും ഇഡിയോ കേന്ദ്ര ഏജന്‍സികളോ അതിശക്തമായി മുമ്പോട്ട് പോകുന്നില്ല.
ദുബായിലേക്ക് അനധികൃതമായി മുഖ്യമന്ത്രി കറന്‍സി കടത്തിയതായി തെളിവുകള്‍ കണ്ടെത്തിയാല്‍ ഇ.ഡിക്ക് അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാനാവുമെന്നതാണ് ഇപ്പോഴത്തെ അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാവുക. ചട്ടപ്രകാരം രണ്ടായിരം മുതല്‍ അയ്യായിരം ഡോളര്‍ വരെയേ മാറ്റിയെടുക്കാനാവൂ. ഡോളര്‍ കടത്ത് കസ്റ്റംസ് ആക്‌ട് 113 പ്രകാരം ഗുരുതരകുറ്റമാണ്. അനധികൃത ഡോളര്‍ ഇടപാടിന് റിസര്‍വ് ബാങ്കിന്റെയും ആദായനികുതി വകുപ്പിന്റെയും അന്വേഷണവും മുഖ്യമന്ത്രി നേരിടേണ്ടിവരും. കള്ളപ്പണം ഡോളറാക്കി ഗള്‍ഫിലേക്ക് കടത്തി അവിടെ ബിസിനസ് സംരംഭങ്ങളിലും വ്യാപാരകേന്ദ്രങ്ങളിലും മുടക്കി എന്ന ആരോപണവും ഉണ്ട്. ഇതിനെല്ലാം പിണറായി മറുപടി നല്‍കേണ്ടി വരും. എന്നാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അന്തിമ പച്ചക്കൊടി കിട്ടിയാല്‍ മാത്രമേ ഇഡി ചോദ്യം ചെയ്യലുകളിലേക്ക് കടക്കൂ.
മുഖ്യമന്ത്രി ദുബായിലേക്ക് ഡോളര്‍ കടത്തിയെന്ന് തുറന്നുപറഞ്ഞ സ്വപ്നയെയും ഡോളര്‍ കടത്ത് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികളെയും ഒരുപോലെ പൂട്ടാന്‍ പിണറായി രംഗത്തിറക്കിയ ജസ്റ്റിസ് വി.കെ.മോഹനന്‍ കമ്മീഷന്‍ ഹൈക്കോടതിയുടെ സ്റ്റേ തുടരുന്ന കമ്മീഷനാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഹൈക്കോടതി ഈ കമ്മീഷന്റെ പ്രവര്‍ത്തനം തടഞ്ഞ് ഉത്തരവിറക്കിയത്.
സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ സെപ്റ്റംബറില്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. ഈ ഹര്‍ജിയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇടയ്ക്കിടെ ഹൈക്കോടതി സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ച് മാറ്റിവയ്ക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അഡിഷണല്‍ സോളിസിറ്റര്‍ ജനറലിന് ഹാജരാകാനുള്ള സാവകാശം തേടുമ്പോഴാണ് അപ്പീല്‍ മാറ്റിവെയ്ക്കുന്നത്. കഴിഞ്ഞ മാസവും കേസ് പരിഗണിച്ച് മാറ്റിവച്ചതാണ്. ഈ കേസില്‍ അടക്കം കേന്ദ്ര സര്‍ക്കാര്‍ ഇനി അതിവേഗ നടപടികള്‍ എടുക്കും.