പത്തനംതിട്ട : അമൃത് 2.O പദ്ധതിയുടെ ഭാഗമായി നഗരസഭക്ക് 8 കോടി 70 ലക്ഷം രൂപകൂടി അധികം അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെയും നഗരസഭയുടെയും വിഹിതം ഉൾപ്പെടുന്നതാണ് തുക.
നഗരത്തിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ പുതിയ ജലസംഭരണികൾ സ്ഥാപിക്കുക, പൈപ്പ് ലൈൻ സ്ഥാപിച്ച് വീടുകളിൽ വെള്ളം എത്തിക്കുക എന്നിവ ഉൾപ്പെടുന്ന പദ്ധതിക്കാണ് അധിക തുക അനുവദിച്ചത്. 2200 കുടുംബങ്ങൾക്ക് ഇതിലൂടെ നേരിട്ട് ഗുണം ലഭിക്കും. പദ്ധതിയുടെ ഭാഗമായി 300 കുടിവെള്ള ടാപ്പുകൾ പുതിയതായി സ്ഥാപിക്കും. ഉയർന്ന സ്ഥലങ്ങളായ പൂവമ്പാറ, വഞ്ചിപ്പൊയ്ക, പരുവപ്ലാക്കൽ എന്നിവിടങ്ങളിൽ ജലസംഭരണികൾ സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായിരുന്നു. സ്ഥല ഉടമകൾ ഭൂമി സൗജന്യമായാണ് നഗരസഭയ്ക്ക് കൈമാറിയത്. ഇവിടെ സംഭരിക്കുന്ന ജലം വീടുകളിലേക്ക് എത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമാണ്. അമൃത് പദ്ധതിയുടെ ഭാഗമായി നഗരസഭയ്ക്ക് അനുവദിച്ച 21 കോടിയിൽ നിന്ന് ജലസംഭരണി നിർമ്മാണത്തിനാവശ്യമായ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കൂടുതൽ തുകക്കായി അമൃത് മിഷനെ സമീപിച്ചത്. അപേക്ഷയ്ക്ക് സംസ്ഥാന ഹൈപവർ കമ്മിറ്റി നേരത്തേ അംഗീകാരം നൽകിയിരുന്നു.
പുതിയ കുടിവെള്ള സ്രോതസ്സ് കണ്ടെത്തൽ, ആധുനിക ജലശുദ്ധീകരണ സംവിധാനം, പുതിയ ജല സംഭരണികൾ, നിലവിലെ ജലവിതരണ ശൃംഖല മെച്ചപ്പെടുത്തൽ, എല്ലാ പ്രദേശങ്ങളെയും ശൃംഖലയുടെ ഭാഗമാക്കൽ തുടങ്ങി എല്ലാ മേഖലയെയും ഉൾപ്പെടുത്തിയ പദ്ധതി പ്രവർത്തനങ്ങൾ നടന്നുവരികയാണ്. മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ രണ്ട് ഘട്ടം പൂർത്തിയായി. വാട്ടർ അതോറിറ്റിയുടെ പാമ്പൂരിപ്പാറയിലെ സ്ഥലത്ത് സ്ഥാപിക്കുന്ന 10 ദശലക്ഷം ലിറ്റർ ശേഷിള്ള ആധുനിക ജലശുദ്ധീകരണ പ്ലാൻ്റിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കും. ഇൻ ടേക്ക് വെല്ലിന്റെയും കളക്ഷൻ ചേമ്പറിന്റെയും നിർമ്മാണം ആദ്യഘട്ടത്തിൽ പൂർത്തിയായിരുന്നു. ജില്ലാ കേന്ദ്രത്തിന് സമഗ്ര കുടിവെള്ള പദ്ധതി എന്ന കാഴ്ചപ്പാട് ആദ്യമായി മുന്നോട്ടുവെക്കുകയാണ് നഗരസഭ. ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുക മാതൃകാപരമായ പ്രവർത്തനം ഏറ്റെടുത്താണ് ഭരണസമിതി മുന്നോട്ടുപോകുന്നത് എന്ന് നഗരസഭാ ചെയർമാൻ അഡ്വ. റ്റി സക്കീർ ഹുസൈൻ പറഞ്ഞു.