ഡല്‍ഹി: അറസ്റ്റിലായ് വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാല്‍ സിംഗ് ഖലിസ്ഥാന്‍ തീവ്രവാദിയായിരുന്ന ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ വിടവ് നികത്താന്‍ പാക് ഇന്റര്‍ സര്‍വ്വീസസ് ഇന്റലിജന്‍സ് വളര്‍ത്തിയെടുത്ത നേതാവാണെന്നാണ് ഇന്ത്യയിലെ ഇന്റലിജന്‍സ് വൃത്തങ്ങളുടെ നിഗമനം.”കാനഡ, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ നീക്കങ്ങള്‍ കൃത്യമായ ഫലം നല്‍കുന്നില്ലെന്ന് ഐഎസ്ഐയ്ക്ക് ബോധ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ കാര്യക്ഷമമായ ആഭ്യന്തര ക്രമസമാധാന സംവിധാനവും നയതന്ത്രശേഷിയും അവര്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു. പാകിസ്ഥാനിലെ പഞ്ചാബിലുള്ള ഐഎസ്ഐയുടെ പദ്ധതികളും പരാജയപ്പെട്ടിരുന്നു. അവിടെയുള്ള സിഖുകാര്‍ക്കിടയില്‍ വളരെ കുറവ് ആക്രമസംഭവങ്ങള്‍ മാത്രമെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുള്ളൂ,” വൃത്തങ്ങള്‍ അറിയിച്ചു.
1984ന് ശേഷം ജനിച്ച യുവാക്കളെ വിവിധ ക്രിമിനല്‍ പ്രവൃത്തികളില്‍ ഉപയോഗിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്നും ആരോപണമുയരുന്നുണ്ട്. അതേസമയം, അമൃത്പാല്‍ സിംഗുമായി ബന്ധപ്പെട്ട ഫണ്ടിംഗിനെപ്പറ്റി അന്വേഷണം നടത്തി വരികയാണ്. എന്നാല്‍ ഐഎസ്ഐയുമായി നേരിട്ടുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ ഇതുവരെ ലഭ്യമായിട്ടില്ല.