ഹിമാചൽ: പ്രളയം ദുരന്തം വിതച്ച ഹിമാചലിന് ആശ്വാസമായി നികിതയെന്ന പെണ്‍കുഞ്ഞ്. സെരാജ് ഗ്രാമത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 11 മാസം മാത്രം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മാതാപിതാക്കളടക്കം മരണപ്പെട്ടപ്പോള്‍ തകര്‍ന്ന വീടിനുള്ളില്‍ നിന്ന് പെണ്‍കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു. രണ്ടാഴ്ചയിലധികമായി തുടരുന്ന കനത്ത മഴയിലും മേഘവിസ്‌ഫോടനത്തിലും ദുരന്തമുഖമായി മാറിയ ഹിമാചലില്‍ നിന്നാണ് ആശ്വാസവാര്‍ത്ത. 11 മാസം മാത്രം പ്രായമുള്ള നികിതയെന്ന പെണ്‍കുഞ്ഞിനെ പുറത്തെടുത്തത് പാതി തകര്‍ന്ന വീടിനുള്ളില്‍ നിന്നാണ്. സ്വരാജ് ഗ്രാമത്തില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ നികിതയ്ക്ക് മാതാപിതാക്കളെയും അമ്മൂമ്മയെയും ബന്ധുക്കളെയും നഷ്ടമായി. അപകട സമയത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞ് അത്ഭുതകരമായാണ് രക്ഷപെട്ടത്.
വീടിന് പിന്നിലുള്ള നദി കരകവിഞ്ഞൊഴുകിയതോടെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. അച്ഛന്‍ രമേശ് അമ്മ രാധ, മുത്തശ്ശി പൂര്‍ണു ദേവി എന്നിവര്‍ ഒഴുക്കില്‍പ്പെട്ടു. അച്ഛന്റെ ഒഴികെ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ദുരന്തം ബാക്കിയാക്കിയ കുഞ്ഞിനെ ദത്തെടുക്കാന്‍ സന്നദ്ധതയറിയിച്ച് നിരവധി പേരാണ് എത്തുന്നത്. പ്രാദേശിക ഭരണകൂടവും കുഞ്ഞിന് സംരക്ഷണം ഒരുക്കി. പിതൃ സഹോദരിക്കൊപ്പം കുഞ്ഞ് സുരക്ഷിതയാണ്. ദിവസങ്ങളായി തുടരുന്ന പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് നിരവധി ജീവനുകള്‍ പൊലിഞ്ഞെങ്കിലും 11 മാസം പ്രായമുള്ള നികിതയുടെ അതിജീവനത്തിന്റെ വാര്‍ത്ത നാടിന് ആശ്വാസമായി.