റാന്നി: മഠത്തുംചാൽ -മുക്കൂട്ടുതറ റോഡിൻറെ നിർമ്മാണം പൂർത്തിയാക്കാൻ 17.75 കോടി രൂപ കൂടി അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ഇടയ്ക്കുവെച്ച് മുടങ്ങിപ്പോയ റോഡിൻറെ നിർമ്മാണം പൂർത്തിയാക്കുന്നതിനാണ് കെആർ എഫ് ബി ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. റോഡിലെ വൈദ്യുത പോസ്റ്റുകൾ മാറ്റുന്നതിന് 20.38 ലക്ഷം രൂപയും പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന് 41 ലക്ഷം രൂപയും ബാക്കി തുക റോഡിൻറെ സിവിൽ വർക്കുകൾക്കും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. റോഡിൻറെ വശം കെട്ടൽ, അവശേഷിക്കുന്ന ഭാഗത്ത് ബിസി ടാറിംഗ്, ക്രാഷ് ബാരിയറുകൾ, അപകട സൂചന ബോർഡുകൾ ഇവയെല്ലാം സിവിൽ ജോലികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ എം എൽ എ രാജു എബ്രഹാമിൻ്റെ അഭ്യർത്ഥന പ്രകാരം ധനകാര്യ മന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്ക് മുൻകൈയെടുത്ത് 43.70 കോടി രൂപ അനുവദിച്ച് കിഫ്ബി മുഖാന്തരമാണ് മഠത്തുംചാൽ – മുക്കൂട്ടുതറ റോഡിൻറെ നിർമ്മാണം ആരംഭിച്ചത്. റാന്നി ബ്രാഞ്ച് റോഡ്, ഇട്ടിയപ്പാറയിലെ രണ്ട് ബൈപ്പാസുകൾ , മന്ദമരുതി – വെച്ചൂറ കനകലം റോഡ് ചാത്തൻതറ മുക്കൂട്ടുതറ റോഡ് എന്നിവ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. വൈദ്യുത പോസ്റ്റുകൾ മാറ്റുന്നതിനും റോഡരികിലെ പൈപ്പ് ലൈൻ മാറ്റുന്നതിനും കാലതാമസം എടുത്തു. ഇതോടെ നിർമ്മാണ ചിലവ് കൂടിയതിനാൽ ലാഭകരമല്ല എന്ന കാരണം പറഞ്ഞു കരാറുകാരൻ പ്രവൃത്തി ഉപേക്ഷിച്ചു പോവുകയായിരുന്നു. ബി എം നിലവാരത്തിൽ വരെ ടാറിംഗ് കഴിഞ്ഞ പ്രവൃത്തികൾ ഉപേക്ഷിച്ചു പോയി. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഇക്കാര്യം ധനകാര്യ വകുപ്പ് മന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് കരാറുകാരനെ ഒഴിവാക്കി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി കെ ആർ എഫ് ബിയുടെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയായിരുന്നു. ഈ എസ്റ്റിമേറ്റിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇനി നിർമ്മാണം ടെൻഡർ ചെയ്ത് പ്രവർത്തികൾ പുനരാരംഭിക്കാവുന്നതാണ്.
റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ റാന്നിയുടെ കിഴക്കൻ മലയോര മേഖലയിലാകമാനം വലിയ വികസന കൊടുങ്കാറ്റിന് വഴിതെളിക്കും. പെരുന്തേനരുവി ടൂറിസം പദ്ധതി, ഗവ പോളിടെക്നിക്ക്, മലയോരമേഖലയിലെ പ്രധാന ടൗണുകളായ വെച്ചുച്ചിറ, ചാത്തൻതറ, കൊല്ലമുള, മുക്കൂട്ടുതറ ഭാഗങ്ങളിലേക്കും ഉള്ള യാത്രാസൗകര്യം മെച്ചപ്പെടും. പത്തനംതിട്ട കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് റാന്നി നിയോജക മണ്ഡലത്തിലെ പടിഞ്ഞാറൻ മേഖലയെ കിഴക്കൻ മേഖലയുമായി ബന്ധിപ്പിക്കുന്ന പാത എന്ന പ്രത്യേകതയുമുണ്ട്. കൊറ്റനാട് ,അങ്ങാടി, പഴവങ്ങാടി, വെച്ചൂചിറ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിന് 36.70 കീമീ ദൂരം ഉണ്ട്.