കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനത്ത് വൃദ്ധ ദമ്പതികളെ ഒരു സംഘം ആളുകള്‍ വീട് കയറി ആക്രമിച്ചതായി പരാതി. ജനവാസ മേഖലയില്‍ ഗ്യാസ് ഗോഡൗണ്‍ തുടങ്ങുന്നതിന് എതിര്‍പ്പ് അറിയിച്ചതിലുള്ള വിരോധം മൂലമായിരുന്നു ആക്രമണം. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ആയിരുന്നു സംഭവം. ചങ്ങനാശേരി സ്വദേശി അമ്പലപ്പുഴ ലാലു എന്ന് അറിയപ്പെടുന്ന പാലത്തിങ്കല്‍ ലാലു സെബാസ്റ്റ്യന്‍ എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് വീട് കയറി വയോധിക ദമ്പദികള്‍ അടക്കം നാല് പേരെ മര്‍ദിച്ചതെന്നാണ് പരാതി. തൃക്കൊടിത്താനം അയര്‍ക്കാട്ടുവയല്‍ ഉപ്പു കുന്നേല്‍ ജോസഫ്, തോമസ് ഭാര്യ ജയമ്മ ജോസഫ്, ഭാര്യാപിതാവ് ബേബിച്ചന്‍, ഭാര്യമാതാവ് മോനുമ്മ എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
മര്‍ദനമേറ്റവരുടെ വീടിന് സമീപം ലാലു സെബാസ്റ്റ്യന് ഉള്ള വസ്തുവില്‍ ഗ്യാസ് ഗോഡൗണ്‍ തുടങ്ങാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ജനവാസ മേഖല ആയത് കൊണ്ട് തന്നെ നാട്ടുകാര്‍ ഇത് എതിര്‍ത്തിരുന്നു. ഈ വിരോധമാണ് ആക്രമണത്തിന് കാരണം. ഇന്നലെ ഉച്ചയോടെ ലാലു സെബാസ്റ്റ്യന്‍ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും മര്‍ദനമേറ്റ ജോസഫ് പറയുന്നു. ഇതിന് പിന്നാലെയാണ് പത്തോളം വരുന്ന സംഘം വീട് കയറി ആക്രമണം നടത്തിയത്.