ആലപ്പുഴ : ആറാട്ട്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ച് കൊന്ന സംഭവത്തില്‍ നിർണ്ണായക കണ്ടെത്തല്‍. 81 കാരിയായ കാർത്ത്യായനിയെ വീടിന് വെളിയില്‍ കിടത്തി വീടും ഗേറ്റും പൂട്ടി വീട്ടുകാർ പോകുകയായിരുന്നു. നായയുടെ കടിയേറ്റ കാർത്ത്യായനി രണ്ട് മണക്കൂറിലധികം വീട്ടുമുറ്റത്ത് കിടന്നു. വീടിന് പുറത്ത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കെട്ടി മറച്ച് ഷെഡ്ഡിലാണ് കാർത്ത്യായിനി പകല്‍ സമയം കഴിഞ്ഞിരുന്നത്. ഭക്ഷണവും അവിടെ നിന്നാണ് കഴിച്ചിരുന്നത്. ഇവിടെ ഇരിക്കുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്. വൈകുന്നേരം മകൻ തിരിച്ചെത്തിയപ്പോഴാണ് കടിയേറ്റ് അവശനിലയില്‍ കിടക്കുകയായിരുന്ന വയോധികയെ കണ്ടത്.
വീടിനകത്ത് അമ്മയ്‌ക്ക് മുറിയുണ്ടെന്ന് മകൻ പ്രകാശൻ പറയുന്നു. പ്രായമായതുകൊണ്ട് സ്റ്റെപ്പ് കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ബുദ്ധിമുട്ടാണ്. വെളിയില്‍ ഇരിക്കാമെന്ന് അമ്മ തന്നെയാണ് പറഞ്ഞത്.
ചിലപ്പോള്‍ ഭാര്യ ഭക്ഷണം വെളിയില്‍ കൊണ്ടുകൊടുക്കും അകത്താണെങ്കില്‍ അവിടെ ഇരുന്ന് കഴിക്കും. പട്ടി ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലല്ലോയെന്നും പ്രകാശൻ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് തകഴി അരയൻചിറ സ്വദേശി കാർത്ത്യായനി തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീട്ടുമുറ്റത്ത് നില്‍ക്കുന്നതിനിടെ തെരുവുനായ ആക്രമിക്കുകയായിരുന്നു. മുഖം കടിച്ചുപറിച്ച നായ അവരുടെ കണ്ണുകള്‍ കവർന്നിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം വൈകിട്ടോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.