പെരിന്തല്‍മണ്ണ: പെന്‍ഷന്‍ വൈകുന്നതിന്റെ മനോവിഷമത്തില്‍ കെഎസ്‌ആര്‍ടിസി മുന്‍ ജീവനക്കാരന്‍ ജീവനൊടുക്കി. പെരിന്തല്‍മണ്ണ പുത്തൂര്‍വീട്ടില്‍ രാമനെയാണ് (78) തിങ്കളാഴ്ച വീടിനു സമീപത്തെ സ്വകാര്യ കെട്ടിടത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെന്‍ഷന്‍ വൈകിയതിനാല്‍ മരുന്ന് വാങ്ങുന്നതും വീട്ടു ചെലവ് നടത്തുന്നതും ബുദ്ധിമുട്ടായി വന്നു. ഇതോടെ കടുത്ത മനോവിഷമത്തിലായിരുന്നു. മരിക്കുന്നതിന് തലേന്നും പെന്‍ഷന്‍ ലഭിക്കാത്തതിലുള്ള ആശങ്ക രാമന്‍ സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നതായി അടുപ്പമുള്ളവര്‍ പറയുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, ശാരീരികാസ്വാസ്ഥ്യം കാരണമുള്ള മനോവിഷമം എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഇത് തിരുത്തണമെന്നും പെന്‍ഷന്‍ ലഭിക്കാത്തതിനാല്‍ മരുന്നു വാങ്ങാനാവാത്തതിന്റെ മനോവിഷമമെന്ന് ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. 20ന് രാവിലെ ഒന്‍പതോടെ മുന്‍ സഹപ്രവര്‍ത്തകനെ വിളിച്ച്, പെന്‍ഷന്‍ എപ്പോള്‍ ലഭിക്കുമെന്ന് അന്വേഷിച്ചു. അടുത്തയാഴ്ചയേ ലഭിക്കാനിടയുള്ളൂ എന്ന് മറുപടി ലഭിച്ചതോടെ നിരാശനായി വീടിന്റെ ഉമ്മറത്ത് കിടക്കുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. അല്‍പ്പസമയത്തിന് ശേഷം വീടു വിട്ട് പുറത്തേക്കു പോയ രാമനെ ഒരു മണിക്കൂറിനു ശേഷമാണ് സമീപത്തെ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാമന് ചികിത്സയ്ക്കും മരുന്നിനുമായി നല്ല ഒരു തുക വേണമായിരുന്നു. ഇത് കൂടാതെ വീട്ടുചെലവിന് പണം വേറെയും വേണം. പെന്‍ഷന്‍ മുടങ്ങിയതോടെ കാര്യങ്ങള്‍ എല്ലാം അവതാളത്തിലായി. ഇതോടെയാണ് രാമന് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ പരുക്കേറ്റ രാമന്റെ കാലില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം വീഴ്ചയില്‍ തുടയെല്ല് പൊട്ടിയതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു. ഊന്നുവടിയുടെ സഹായത്തോടെയാണു നടന്നിരുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്നു. വലിയൊരു തുക ഓരോ ദിവസവും മരുന്നിന് ആവശ്യമായി വന്നിരുന്നു.
മരിച്ചനിലയില്‍ കാണപ്പെടുന്നതിന് 12 ദിവസം മുന്‍പ് നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാമനെ ആന്‍ജിയോപ്ലാസ്റ്റി നിര്‍ദേശിച്ച് ഒരാഴ്ചയ്ക്കു ശേഷം ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍, പണമില്ലാത്തതിനാല്‍ ചെയ്യാനായില്ല. അതിന്റേതായ ബുദ്ധിമുട്ടുകളും രാമനുണ്ടായിരുന്നു. മൂന്ന് സെന്റ് സ്ഥലത്തെ കൊച്ചു വീട്ടില്‍ രാമനും ഭാര്യയും മാത്രമാണ് താമസം. മക്കള്‍ മാറിത്താമസിക്കുകയാണ്. പെന്‍ഷന്‍ തുക കൊണ്ടാണ് മരുന്നുള്‍പ്പെടെ ചെലവുകളെല്ലാം നടത്തിയിരുന്നത്. ഏഴാം തീയതിക്കുള്ളില്‍ ലഭിക്കേണ്ട പെന്‍ഷന്‍ 20 ആയിട്ടും ലഭിക്കാതായതോടെ മരുന്നു വാങ്ങാന്‍ പണമില്ലാത്തതിന്റെ വിഷമത്തിലാണ് രാമന്‍ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.