തിരുവനന്തപുരം : അർപ്പണ മനോഭാവവും കഠിനാദ്ധ്വാനവും ലക്ഷ്യബോധവുമാണ് ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കല മെഡൽ നേട്ടം കൈവരിക്കാൻ പി ആർ ശ്രീജേഷിന് പിൻബലമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാര്യത്തിൽ ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്ന കായിക ജീവിതമാണ് ശ്രീജേഷിന്റേത്. പാരീസ് ഒളിമ്പിക്സിലെ പ്രകടനത്തിലൂടെയും മെഡൽ നേട്ടത്തിലൂടെയും കേരളത്തിന്റെ യശസ്സ് വാനോളം ഉയർത്താനായതായും മുഖ്യമന്ത്രി പറഞ്ഞു. ശ്രീജേഷിനെ അനുമോദിക്കാൻ സംസ്ഥാന സർക്കാർ വെള്ളയമ്പലം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ശ്രീജേഷിന് സംസ്ഥാന സർക്കാർ പാരിതോഷികമായി പ്രഖ്യാപിച്ച 2 കോടി രൂപയുടെ ചെക്കും ഉപഹാരവും മുഖ്യമന്ത്രി സമ്മാനിച്ചു.
കായികതാരങ്ങൾക്ക് സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നതിന്റെ തെളിവാണ് തനിക്ക് സർക്കാർ നൽകിയ സ്വീകരണത്തിലൂടെ വ്യക്തമാകുന്നതെന്ന് മറുപടി പ്രസംഗത്തിൽ ശ്രീജേഷ് പറഞ്ഞു. നിർണായക നേട്ടം കൈവരിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് തുണച്ചു. ഗ്രേസ് മാർക്കായ അറുപത് മാർക്ക് മാത്രം ലക്ഷമിട്ട് ജി വി രാജ സ്പോർട്സ് സ്‌കൂളിൽ എത്തിയ തനിക്ക് ഒളിമ്പിക്സിൽ മെഡൽ നേടാനായി എങ്കിൽ തന്റെ മുന്നിലിരിക്കുന്ന കായിക വിദ്യാർത്ഥികൾക്ക് ചെറുപ്രായം മുതൽ സ്വപ്നം കണ്ട് കഠിനാധ്വാനം ചെയ്ത് മുന്നേറിയാൽ പത്തുവർഷത്തിനുള്ളിൽ തന്നെ ഒളിമ്പിക്സിൽ വിജയം നേടാനാകും. കീറിയ ഷൂസും ജേഴ്സിയുമായി മത്സരങ്ങളിൽ പങ്കെടുത്ത തനിക്ക് ജി വി രാജ സ്പോർട്സ് സ്‌കൂളാണ് വഴികാട്ടിയതെന്നും ശ്രീജേഷ് പറഞ്ഞു.