പറമ്പിക്കുളം : തമിഴ്നാട്ടിലും കേരളത്തിലുമായി ചന്ദനക്കടത്തും വിൽപ്പനയും നടത്തിയിരുന്ന അന്തർ സംസ്ഥാന മാഫിയ തലവൻ മണ്ണാർക്കാട് സലീം പിടിയിലായി. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ സലീം. കർണ്ണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഈ പ്രതി ചന്ദനങ്ങൾ വിൽപ്പന നടത്തിയിരുന്നത്. ചന്ദനം ഏജന്റുമാരിൽ നിന്നും വാങ്ങി വിൽക്കുകയും കാട്ടിലേക്ക് ആൾക്കാരെ മുൻകൂർ കാശ് കൊടുത്ത് ചന്ദനം വെട്ടിക്കുകയും ചെയ്തിരുന്ന ഇയാളെ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് വലയിലാക്കിയത്. കഴിഞ്ഞ മാസം ഒമ്പതിന് രാത്രികാല പാട്രോളിങ്ങിനിടയിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചന്ദന മരക്കഷ്ണങ്ങൾ കടത്താൻ ശ്രമിച്ച മുനിസ്വാമി എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ മണ്ണാർക്കാട് ഭാഗത്തുള്ള സലീമിന് വിൽക്കാനാണ് ചന്ദനം കൊണ്ടുപോയിരുന്നതെന്ന് മൊഴിനൽകി.
തുടര്‍ന്നാണ് സലീമിനെ കസ്റ്റഡിയിൽ എടുക്കുന്നത്. സലീമിനെ വിശദമായി ചോദ്യം ചെയ്തതിൽ മുനിസ്വാമിയെ പിടികൂടിയ ദിവസം സലീം ചന്ദനം വാങ്ങാൻ ചെക്കാണാംപതി ഭാഗത്തേക്ക് പോയിരുന്നതായി കണ്ടെത്തി. ഏറെ കാത്തിരുന്നിട്ടും മുനിസ്വാമി വരാത്തതിനെത്തുടർന്ന് മണ്ണാർക്കാട്ടേക്ക് തിരിച്ച് പോവുകയായിരുന്നു. മുനിസ്വാമി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായ വാർത്ത പിറ്റേദിവസം അറിഞ്ഞതായും സുങ്കം റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് സലീം നൽകിയ മൊഴിയിൽ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കുറുമൂച്ചി മലയിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ചുകടത്തിയ കേസിലായിരുന്നു മുനിസ്വാമി പിടിയിലായത്.