കോയിപ്രം : പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിനു പിന്നിൽ പോലീസ് മർദ്ദനമാണെന്ന ആരോപണത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ്. കോയിപ്രം വാലുപറമ്പിൽ സുരേഷിന്റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തുവന്നത്. നാല് വാരിയെല്ലുകൾക്ക് പൊട്ടലുള്ളതായി സുരേഷിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. ചൂരൽ കൊണ്ട് അടിച്ചുവെന്ന് കരുതുന്ന പാടുകളും ശരീരത്തിലുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ മാർച്ച് 22നാണ് സുരേഷിനെ കോയിപ്രത്തു നിന്നും 25 കിലോമീറ്റർ അകലെയുള്ള കോന്നി ഇളകൊള്ളൂർ പാലം ജംഗ്ഷന് സമീപമുള്ള മാങ്കോസ്റ്റിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി തൊട്ടടുത്ത ദിവസം ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത കോന്നിയിലെത്തി ആത്മഹത്യ ചെയ്തത് തന്നെ ദുരൂഹത ഉയർത്തിയിരുന്നു. എന്നാൽ പോലീസ് സ്വാഭാവിക മരണത്തിലാണ് കേസടുത്തത്. ക്രൂരമായ മർദ്ദനമേറ്റുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടും എഫ്ഐആറിലെ വകുപ്പുകൾ മാറ്റി അന്വേഷണം നടത്താൻ പോലീസ് തയ്യാറായിട്ടില്ല. മാർച്ച് 16നാണ് കഞ്ചാവ് ബീഡി വലിച്ചുവെന്ന് ആരോപിച്ച് സുരേഷിനെ കോയിപ്രം പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും മാർച്ച് 19ന് വീണ്ടും മൂന്നുപേർ വീട്ടിലെത്തി ചോദ്യം ചെയ്യാൻ കോയിപ്രം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നാണ് ബന്ധുക്കൾ മൊഴി നൽകിയിട്ടുള്ളത്. സംഭവത്തിൽ വസ്തുതകൾ പുറത്തുവരണം. നീതിപൂർവ്വമായ അന്വേഷണം നടത്താൻ പോലീസ് തയ്യാറാവണം. മർദ്ദനത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പുറത്താക്കണം. സുരേഷിന്റെ മരണത്തോടെ വരുമാനമാർഗം നിലച്ച കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.