വയനാട് : പഞ്ചാര കൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ എസ്ഒപി പ്രകാരം പ്രത്യേക സമിതി രൂപീകരിച്ചു കൊണ്ട് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ സമിതി യോഗം ചേര്‍ന്ന് ശുപാര്‍ശ ചെയ്തത് കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. എസ്ഒപി പ്രകാരമുള്ള മറ്റ് നടപടി ക്രമങ്ങള്‍ പാലിച്ച് തുടര്‍നടപടികള്‍ എടുത്ത് വരികയാണ്. കൂട് വെച്ചോ മയക്കുവെടി വെച്ചോ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ വെടിവെച്ചു കൊല്ലാനാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് .ജി. കൃഷ്ണന്റെ ഉത്തരവ്. ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ എസ്ഒപി കര്‍ശനമായി പാലിച്ചാകണം നടപടികള്‍ എന്ന് നിര്‍ദേശമുണ്ട്.
കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറി. ധനസഹായമായി പ്രഖ്യാപിച്ച 11 ലക്ഷം രൂപയില്‍ അഞ്ച് ലക്ഷം രൂപയാണ് ആദ്യഗഡുവായി ഇന്ന് കൈമാറിയത്. മന്ത്രി ഒ ആര്‍ കേളുവും കളക്ടറുമടക്കമുള്ളവര്‍ രാധയുടെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്. നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎന്‍എസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.