തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചിട്ടും നിയമനം ലഭിക്കാതെ പോയ എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ ഭാര്യക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസി. പ്രൊഫസറായി നിയമനം നല്കാന് നീക്കമെന്ന് പരാതി.
സര്‍വകലാശാലയില്‍ യു.ജി.സിയുടെ എച്ച്.ആര്.ഡി സെന്ററില്‍ പുതുതായി സൃഷ്ടിച്ച അസി. പ്രൊഫസര്‍ തസ്തികയിലേക്കാണ് നിയമന നീക്കം. ഇതിനായി ഏപ്രില്‍ 16ന് നടത്താന്‍ നിശ്ചയിച്ച ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും കത്ത് നല്കി. അപേക്ഷകരായ 30 പേര്‍ക്ക് ഇന്റര്‍വ്യൂ അറിയിപ്പ് ഇമെയില്‍ ആയി അയച്ചിട്ടുണ്ട്. എച്ച്.ആര്.ഡി സെന്ററിലെ തസ്തികകളെല്ലാം താല്‍ക്കാലികമാണെങ്കിലും കണ്ണൂരില്‍ മാത്രം ഒരു അസി. പ്രൊഫസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ സര്‍വകലാശാലക്ക് പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്.
2020 ജൂണ്‍ 30നാണ് സര്‍വകലാശാല നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. ഡയറക്ടര്‍ തസ്തികയില്‍ നിയമനം നടത്താതെയാണ് അസി. പ്രൊഫസര്‍ തസ്തികയില്‍ മാത്രമായി തിരക്കിട്ട് നിയമനം. ബാഹ്യസമ്മര്‍ദത്തിന് വഴങ്ങിയാണ് വി.സി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പ് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്താന്‍ നിര്‍ബന്ധിതനായതെന്നാണ് സൂചന. ഷംസീറിന്റെ ഭാര്യയെകൂടി കട്ട് ഓഫ് മാര്‍ക്കിനുള്ളില്‍ പെടുത്തുന്നതിന് ഇന്റര്‍വ്യൂവിന് ക്ഷണിക്കുന്നവരുടെ സ്കോര്‍ പോയിന്റ് കുറച്ച് നിശ്ചയിച്ചതായും ആരോപണമുണ്ട്. അക്കാദമിക മികവോ ഗവേഷണപരിചയമോ അധ്യാപന പരിചയമോ കണക്കിലെടുക്കാതെ ഇന്റര്‍വ്യൂ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമനം നല്‍കാനാകുമെന്ന് കണ്ടാണ് സ്കോര്‍ പോയിന്റ് കുറച്ചത്.
ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ആരെയും കൂടുതല്‍ മാര്‍ക്ക് നല്കി നിയമിക്കാനാകുമെന്നതാണ് അടുത്തിടെ കാലിക്കറ്റ്, കാലടി, മലയാളം സര്‍വകലാശാലകളിലെ അധ്യാപക നിയമനങ്ങള്‍ ഏറെ വിവാദമാക്കിയത്. കുസാറ്റില്‍ ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയര്‍ന്ന സ്കോര്‍ പോയന്റുള്ള പരമാവധി പത്തുപേരെ മാത്രം ഇന്റര്‍വ്യൂവിന് ക്ഷണിക്കുമ്പോള്‍ കണ്ണൂരില്‍ ഒറ്റ തസ്തികക്ക് മുപ്പത് പേരെ ക്ഷണിക്കാന്‍ തീരുമാനിച്ചതും ഇഷ്ടക്കാര്‍ക്ക് നിയമനം ഉറപ്പുവരുത്താന്‍ വേണ്ടിയാണെന്നാണ് ആരോപണം.