ആറളം : ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിയരച്ച സംഭവത്തിൽ ആറളം ഫാമിൽ അണപൊട്ടി പ്രതിഷേധം. വനംമന്ത്രി നേരിട്ടെത്താത്തതിനെ തുടർന്ന് മൃതദേഹവുമായെത്തിയ ആംബുലൻസ് നാലരമണിക്കൂർ നാട്ടുകാർ തെരുവിൽ തടഞ്ഞു. ഞായറാഴ്ച വൈകിട്ട് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളി-ലീല ദമ്പതികളുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും എത്തിയതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രണ്ടാം ദിവസവും രംഗത്തെത്തിയത്. രാത്രി ഏഴോടെ വനംമന്ത്രി എ.കെ ശശീന്ദ്രൻ നേരിട്ട് ആറളത്തെത്തി ചർച്ച നടത്തിയതോടെയാണ് സമരക്കാർ പിന്മാറി ആംബുലൻസ് വീട്ടിലേക്കെടുത്തത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഉച്ചക്ക് രണ്ടരയോടെയാണ് മൃതദേഹങ്ങൾ വഹിച്ച ആംബുലൻസ് ആറളം 13ാം ബ്ലോക്കിലെത്തിയത്. വനം മന്ത്രിയടക്കമുള്ളവർ ഇവിടെയെത്തി നേരിട്ട് ചർച്ച നടത്തണമെന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യം. ഞായറാഴ്ച രാത്രിയും സ്ഥലത്ത് പ്രതിഷേധവും സംഘർഷവും ഉടലെടുത്തിരുന്നു.
കളക്ടർ, വനം മന്ത്രി എന്നിവർ സ്ഥലം സന്ദർശിക്കുമെന്ന ഉറപ്പിന്മേൽ ഏഴു മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയത്. പിന്നീട് ഉച്ചക്ക് മന്ത്രി സ്ഥലത്തെത്താത്തത് തങ്ങളോടുള്ള വിവേചനമാണെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിലേക്ക് എത്തിക്കാൻ വാഹനങ്ങൾ കടത്തിവിടാതെ പാതകളിൽ മരത്തടികൾ നിർത്തിയും റോഡിൽ കുത്തിയിരുന്നും നാട്ടുകാർ പ്രതിഷേധിച്ചതോടെ പോലീസ് ബലപ്രയോഗത്തിലൂടെ പിന്തിരിപ്പിക്കാൻ നടത്തിയ ശ്രമവും വിഫലമായി. അതിരോഷാകുലരായാണ് പുനരധിവാസ കുടുംബങ്ങൾ പെരുമാറിയത്. കാട്ടാനകൾക്ക് കൊല്ലാനായി തങ്ങളെ വിട്ട് നൽകിയതിലുള്ള പ്രതിഷേധമാണിതെന്ന് മരണപ്പെട്ടവരുടെ ബന്ധുക്കൾ പറഞ്ഞു.