തിരുവനന്തപുരം : സത്യത്തിന്‍റെയും ധര്‍മ്മത്തിന്റെയും ആത്യന്തിക വിജയമാണ് പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി തീരുമാനമെന്ന് സിവി ആനന്ദബോസ്. ക്ഷേത്രം സംരക്ഷിച്ച് പോന്നതും പരിപാലിച്ച് പോന്നതും രാജകുടുംബം ആണ്. രാജകുടുംബത്തെ മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്ന നിലപാടിൽ സുപ്രീംകോടതിയും എത്തിയത് അങ്ങേയറ്റത്തെ വിജയമാണെന്നും ആനന്ദബോസ് പ്രതികരിച്ചു.
നിധിയുടെ കണക്കെടുപ്പും പരിപാലനവും സംബന്ധിച്ച നിര്‍ദ്ദേശങ്ങൾ സമര്‍പ്പിക്കാനാണ് സുപ്രീംകോടതി വിദഗ്ധ സമിതിയെ ഏൽപ്പിച്ചത്. ആ റിപ്പോര്‍ട്ട് പൂര്‍ണമായും കോടതി അംഗീകരിച്ചിട്ടുണ്ട്. ക്ഷേത്രഭരണം ഏറ്റെടുക്കുക എന്നതല്ല സ്വത്ത് സംരക്ഷിക്കുക എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. അതിന് ശക്തമായ ഭരണ സംവിധാനം ഉണ്ടാകേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നിധി ശേഖരണത്തിന്‍റെ സംരക്ഷണം കൂടി ഉള്ളതിനാൽ രാജകുടുംബത്തിന്റെ പങ്ക് ഒഴിച്ച് കൂടാനാകാത്തതാണെന്നും സി വി ആനന്ദബോസ് വിശദീകരിച്ചു.
ഭരണപരമായി പാളിച്ചകൾ ക്ഷേത്രപരിപാലനത്തിൽ ഉണ്ടായിട്ടുണ്ട്. ആര് ഭരിച്ചാലും ഉണ്ടാകുന്ന മാനേജ്മെന്റ് പാളിച്ചയാണ്അത്. അത്തരം പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണം. കുറ്റക്കാരെ ശിക്ഷിക്കണം. താൽകാലിക ഭരണ സമിതിയുടെ പങ്ക് തൽക്കാലത്തേക്ക് മാത്രമാണെന്നും സിവി ആനന്ദബോസ് പറഞ്ഞു.