റാന്നി : ഇട്ടിയപ്പാറ ബസ് സ്റ്റാൻഡില്‍ പുതിയ ബസ് ടെർമിനൽ നിർമ്മിക്കുന്നതിന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ 3 കോടി രൂപ ഫണ്ട് അനുവദിച്ചിട്ടും പഴവങ്ങാടി പഞ്ചായത്ത് അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച്എൽഡിഎഫ് പഴവങ്ങാടി പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴവങ്ങാടി പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ബസ് ടെർമിനലിന് നാല് മാസം മുമ്പാണ് എംഎൽഎ ഫണ്ട് അനുവദിച്ചത്. ഇതുവരെ എൻഒസി നൽകാൻ പോലും പഞ്ചായത്ത് തയ്യാറായിട്ടില്ല. ഇതില്‍ പ്രതിക്ഷേധിച്ചാണ് സമരം നടത്തിയത്.
സിപിഐ(എം) ഏരിയ കമ്മിറ്റി സെക്രട്ടറി ടി എൻ ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു എൽഡിഎഫ് കൺവീനർ കെ കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് നിയോജകമണ്ഡലം കൺവീനർ ജോജോ കോവൂർ, സിപിഐ(എം) പഴവങ്ങാടി ലോക്കൽ സെക്രട്ടറി പ്രസാദ് എൻ ഭാസ്കരൻ, മന്ദമരുതി ലോക്കൽ സെക്രട്ടറി വി കെ സണ്ണി, സി.പി.ഐ ലോക്കല്‍ സെക്രട്ടറി സുരേഷ് അമ്പാട്ട് , ബോബി കാക്കാന പള്ളി, സണ്ണി പാരുമല, ജോസഫ് കുര്യാക്കോസ്, കെ.കെ വിലാസിനി, ബിബിന്‍ കല്ലംപറമ്പില്‍, ജോയ്സി ചാക്കോ, ബിനിറ്റ് എബ്രഹാം, ഷൈനിരാജീവ്, നിഷാ രാജീവ്, വി.ആര്‍ സദാശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.
കെ.എസ്.ആര്‍.ടി.സിയുടെ വികസനത്തിന് ഫണ്ട് അനുവദിച്ചത് തടസ്സപ്പെടുത്തുന്നു എന്ന് ആരോപിച്ച് എല്‍.ഡി.എഫ് നടത്തുന്ന സമരം രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചുകൊണ്ടാണെന്ന് പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് റൂബി കോശി പറഞ്ഞു. പഞ്ചായത്തിന്റെ ആസ്തിയിലും കൈവശത്തിലും ഇല്ലാത്ത എന്നാൽ കെ.എസ്.ആര്‍.ടി.സി കരം അടയ്ക്കുന്നതുമായ സ്ഥലത്തിന് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് എന്‍.ഒ.സി നൽകണം എന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതാണ്. കാലാകാലങ്ങളിൽ പഴവങ്ങാടിയിൽ നടന്നിട്ടുള്ള എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതികൾ നിലകൊണ്ടിട്ടുണ്ട്. തുടർന്നും നാടിൻ്റെ വികസനത്തിന് പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്ത് നിന്നും ശക്തമായ പിന്തുണ ഉണ്ടാവുമെന്നും പ്രസിഡന്‍റ് പ്രസ്ഥാവനയില്‍ അറിയിച്ചു.