കോട്ടയം : അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ തങ്ങളുടെ പ്രതിനിധിയും പങ്കെടുക്കുമെന്ന് അറിയിച്ച് ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലൈൻസ് ഫോർ സോഷ്യൽ ആക്ഷൻ. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഹിന്ദു യൂത്ത്കോൺക്ലേവിലെ സെമിനാറിലാണ് കാസാ പ്രതിനിധി പങ്കെടുക്കുക. ഹിന്ദു ക്രിസ്ത്യൻ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കാസാ സംസ്ഥാന പ്രസിഡന്റ് കെവിൻ പീറ്റർ പറഞ്ഞു. ഇരുസമൂഹവും നേരിടുന്ന പൊതു ഭീഷണിയ്ക്കെതിരെ ഒന്നിച്ചുനിൽക്കേണ്ടത് നിലനിൽപ്പിന്റെ കൂടെ പ്രശ്നമാണെന്നും അതിനാലാണ് തങ്ങളുടെ പ്രതിനിധിയെ ഹിന്ദു സമ്മേളനത്തിന്റെ സെമിനാറിൽ പങ്കെടുപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിന്റെ മൂന്നാംദിനമായ ഏപ്രിൽ 29 ന് നടക്കുന്ന നാലാമത്തെ സെമിനാറിനാണ് കാസാ പ്രതിനിധി സംസാരിക്കുക . ലൗ , ലാൻഡ് ജിഹാദുകളും ഹലാൽ എക്കണോമിയും എന്നതാണ് സെമിനാർ വിഷയം . പ്രമുഖ അഭിഭാഷകൻ കൃഷ്ണരാജും കാസാ പ്രതിനിധിയ്ക്കൊപ്പം സെമിനാർ നയിക്കും. ഏപ്രിൽ 27 മുതൽ മേയ് 01 വരെ തിരുവനന്തപുരം സൗത്ത്ഫോർട്ട് പ്രിയദർശിനി ക്യാമ്പസിലാണ് അനന്തപുരി ഹിന്ദു മഹാസമ്മേളനം നടക്കുക. 27ന് വൈകുന്നേരം 5 മണിയ്ക്ക് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രശസ്ത സംവിധായകൻ വിവേക് അഗ്നിഹോത്രി മുഖ്യാതിഥിയായി പങ്കെടുക്കും . അഞ്ചുദിവസങ്ങളിലായി നടക്കുന്ന സമ്മേളനങ്ങളിൽ സ്വാമി ചിദാനന്ദപുരി, കേന്ദ്രമന്ത്രി വി.മുരളീധരൻ ജെ .നന്ദകുമാർ, പി.സി ജോർജ്, വൽസൻ തില്ലങ്കേരി, വിജി തമ്പി, ഡോ.വിക്രം സമ്പത്ത്, ഷെഫാലി വൈദ്യ, മേജർ സുരേന്ദ്ര പൂന്യ തുടങ്ങിയവർ പങ്കെടുക്കും. മേയ് ഒന്നിന് നടക്കുന്ന സമാപന സമ്മേളനം ഗോവാ ഗവർണർ പി.എസ് ശ്രീധരൻ പിളള ഉദ്ഘാടനം ചെയ്യും.