കോന്നി : ആനയടി – കൂടൽ റോഡ് നിർമ്മാണത്തിന്റെ ഭാഗമായുള്ള കോന്നി മണ്ഡലത്തിലെ കൊച്ചുകൽ മുതൽ നെടുമൺകാവ് വരെയുള്ള 4 കിലോമീറ്റർ റോഡ് മെയ് 15 നകം ആദ്യ ഘട്ട ടാറിങ് പൂർത്തിയാക്കുമെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. 109 കോടി രൂപ നിർമ്മാണ ചിലവിൽ ആനയടി മുതൽ കൂടൽ വരെ 35 കിലോമീറ്റർ ദൂരമാണ് 10 മീറ്റർ വീതിയിൽ ബി. എം ആന്റ് ബി.സി നിലവാരത്തിൽ പുനഃർ നിർമ്മിക്കുന്നത്. കൊല്ലം ആലപ്പുഴ പത്തനംതിട്ട ജില്ലകളിലൂടെ കടന്നുപോകുന്ന പ്രധാന പാതയാണിത്.
കൂടൽ ഭാഗത്തു കല്ലേലി തോട് പാലം പൊളിക്കുന്നത് സംബന്ധിച്ച നാട്ടുകാരുടെ ആശങ്ക പരിഹരിക്കുന്നതിനുവേണ്ടിയാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരോടും ജനപ്രധിനിധികളോടുമൊപ്പം എം.എൽ.എ റോഡ് നിർമാണം പരിശോധിക്കാൻ എത്തിയത്. കോന്നി മണ്ഡലത്തിൽ കൂടി കടന്നു പോകുന്ന നെടുമൺകാവ്, കോളനി ജംഗ്ഷൻ, കുരിശുമുക്ക്, കല്ലേലി പാലം എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും റോഡ് നിർമ്മാണം വൈകുന്നത് മൂലമുള്ള പ്രയാസങ്ങൾ എം.എൽ.എയെ അറിയിച്ചു. വളരെ വേഗത്തിൽ റോഡ് നിർമ്മാണം പൂർത്തിയാക്കാൻ എം.എൽ.എ പൊതുമരാമത്തു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എം.എൽ.എ യോടൊപ്പം പഞ്ചായത്ത് അംഗങ്ങളായ ടി. എൻ. സോമരാജൻ , പ്രസന്ന, ചന്ദ്രബോസ്, വിഷ്ണു മോഹൻ, റോയ് വർഗീസ്, വാമസേന പണിക്കർ, രാജേഷ്, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ അനിൽ കുമാർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ റസീന, അസി. എൻജിനീയർ മുരുകേശ് എന്നിവരും കൂടെയുണ്ടായിരുന്നു.